Wednesday, May 20, 2009
കഥകളിയിലെ താളങ്ങള്‍
കഥകളിയുടെ താളഘടന സാങ്കേതികമായി വിവരിക്കാനുള്ള ശ്രമമാണ് ഇവിടെ.
കഥകളിയില്‍ ഇന്നു പ്രയോഗിക്കുന്ന പ്രധാനതാളങ്ങളായ ചമ്പട, ചമ്പ, അടന്ത, പഞ്ചാരി, മുറിയടന്ത, ത്രിപുട, ഏകം എന്നിവ കൊട്ടാരക്കരത്തമ്പുരാന്റെ രാമായണകഥകളില്‍ത്തന്നെ സുലഭമാണ്. ഈ താളങ്ങളെല്ലാം തന്നെ വൈവിധ്യമാര്‍ന്ന രൂപഭേദങ്ങളോടെ കേരളത്തിലെ നാടോടിക്കലകളില്‍ ഇന്നും പ്രയോഗത്തിലുണ്ട്. ഈ താളങ്ങളുടെ ഒരു സാമാന്യവിവരണം താഴെ നല്‍കുന്നു.
കഥകളി താളപ്രധാനമായ രംഗകലയാണ്. കഥകളിയിലെ നൃത്തം, നൃത്യം, നാട്യം തുടങ്ങിയ മൂന്ന് അഭിനയപ്രകാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നടവൃത്തികളെയും രാഗാധിഷ്ഠിതമായ ഗീതത്തെയും മേളാധിഷ്ഠിതമായ വാദ്യപ്രയോഗത്തെയും സമന്വയിപ്പിക്കുന്ന കലാസങ്കേതമാണ് താളം. ലളിതമായി പറഞ്ഞാല്‍ ക്രമമുള്ള എല്ലാറ്റിനും താളമുണ്ട്. സ്ഥലബദ്ധമായ ഒരു സംഗതിക്ക് ആകൃതിയുണ്ടാകുന്നത് അതിനു ക്രമമുള്ളതുകൊണ്ടാണ്. എങ്കിലും സവിശേഷാര്‍ഥത്തില്‍ സ്ഥലപരമായ ക്രമത്തെ താളത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താറില്ല. എന്നാല്‍ കാലത്തെ സംബന്ധിച്ച അളവുകള്‍ താളത്തിന്റെ നിര്‍വചനപരിധിയില്‍ വരുന്നുമുണ്ട്. സാമാന്യവ്യവഹാരത്തില്‍ത്തന്നെ പ്രകൃതിയുടെ താളം, ഋതുക്കളുടെ താളം, പ്രപഞ്ചത്തിന്റെ താളം എന്നൊക്കെപ്പറയുമ്പോള്‍ അതാതിന്റെ നിശ്ചിതമായ ക്രമമാണല്ലൊ വിവക്ഷിക്കപ്പെടുന്നത്. 60 സെക്കന്റ് ഒരു മിനിറ്റ്, 60 മിനിറ്റ് ഒരു മണിക്കൂര്‍ എന്നിങ്ങനെ സുപരിചിതമായ കാലഗണന പ്രായോഗികജീവിതത്തില്‍ത്തന്നെ ഉപയോഗിച്ചുപോരുന്നു.
സംഗീതശാസ്ത്രഗ്രന്ഥങ്ങളില്‍ താളത്തെ സാങ്കേതികമായി നിര്‍വചിച്ചിട്ടുണ്ട്. ‘താള: കാലക്രിയാമാനം’ എന്നാണ് അമരസിംഹനെ അനുസരിച്ചുകൊണ്ട് ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയുടെ സംഗീതചന്ദ്രിക നല്‍കുന്ന നിര്‍വചനം. ‘കാലത്തെ കണക്കാക്കാനുള്ള ഉപാധികളായ ക്രിയകളെക്കൊണ്ട് വ്യവസ്ഥപ്പെടുത്തുന്ന കാലപരിമാണത്തിനാണ് താളമെന്നു പറയുന്നത്’എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിന്റെ സാങ്കേതികവശങ്ങള്‍ കഴിയുന്നത്ര ലളിതമായി വിശദീകരിക്കാം.
ക്രമമായ ചലനമാണ് താളത്തിന്റെ അടിസ്ഥാനം. ക്ലോക്കിന്റെ ചലനംതന്നെയെടുക്കുക. അതില്‍ ഓരോ സെക്കന്റിനും തുല്യ അളവാണല്ലൊ. അതുപോലെ ഓരോ മിനിറ്റിനും തുല്യമായ അളവ്. അത്തരത്തില്‍ ക്രമമായ ചലനമാണത്. ഈ ചലനത്തെ അളക്കുന്നതിന്‍ ക്ലോക്കിലുപയോഗിക്കുന്നത് സൂചികളുടെ ചലനവും ‘ടിക് ടിക്’ ശബ്ദവുമാണ്. കലകളില്‍ ഇത്തരത്തില്‍ കൃത്യവും യാന്ത്രികവുമായ രീതിയിലല്ല താളം പിടിക്കുന്നത് എന്നു പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അവിടെ താളത്തെ അളക്കുന്നത്, താളം പിടിക്കുന്നത് പല വിധത്തിലാണ്. കൈയടിക്കുക, വിരല്‍ മടക്കുക, കൈ വീശുക തുടങ്ങിയ ഹസ്തക്രിയകള്‍ കര്‍ണാടകസംഗീതതിലൂടെ പരിചിതമാണല്ലൊ. അതാണ് അവിടത്തെ താളക്രിയകള്‍. കഥകളിയില്‍ ചേങ്ങലയിലും ഇലത്താളത്തിലുമുള്ള നാദവ്യത്യസമാണ് താളം പിടിക്കാനുപയോഗിക്കുന്ന ക്രിയകള്‍.
ക്രിയകള്‍ പൊതുവേ രണ്ടു തരം.
1. സശബ്ദക്രിയ.
ഉദാ: കൈകൊണ്ടു തുടയിലോ മറുകൈയിലോ ഉള്ള അടി (കര്‍ണാടകസംഗീതത്തില്‍).
വാദ്യത്തിലുള്ള അടി (കഥകളിയില്‍).
2. നിശ്ശബ്ദക്രിയ.
ഉദാ: സശബ്ദക്രിയകളുടെ ഇടവേളകള്‍ ശബ്ദമില്ലാതെതന്നെ അളക്കുന്ന ‘കൈ വീശല്‍’ (കര്‍ണാടകസംഗീതത്തില്‍).
കഥകളിയിലാകുമ്പോള്‍ അത്തരം കൈവീശലില്ലാത്തതുകൊണ്ട് സശബ്ദക്രിയകള്‍ക്കിടയ്ക്കുള്ള നിശ്ശബ്ദമായ ഇടവേളകള്‍. സൌകര്യപൂര്‍വം നമുക്ക് ‘ഇട’ എന്നു പേരുകൊടുക്കാം. പക്ഷേ ഈ ‘ഇട’കള്‍ ഒന്നില്‍ക്കൂടുതല്‍ ഉള്ളപ്പോള്‍ വാദ്യത്തില്‍ പതുക്കെയുള്ള ശബ്ദത്തിലൂടെയാണ് കഥകളിയില്‍ സാധാരണ സൂചിപ്പിക്കാറുള്ളത്.
കഥകളിയിലെ താളങ്ങളിലേക്കു കടക്കുന്നതിനു സഹായകമായ വളരെ ലളിതമായ ഒരു താളപദ്ധതി നമുക്കുപയോഗിക്കാം. അടി, ഇട എന്നിവ ക്രിയകളായി ഉപയോഗിച്ചാണ് ആ പദ്ധതിയില്‍ താളം പിടിക്കുന്നത്. ഏഴു താളങ്ങളടങ്ങിയ ആ താളപദ്ധതി ‘ഏകചൂഴാതി’ എന്നറിയപ്പെടുന്നു. [‘മയില്‍പ്പീലിത്തൂക്കം’ അഥവാ ‘അര്‍ജ്ജുനനൃത്തം’ എന്ന നാടോടിക്കലാരൂപം അവതരിപ്പിച്ചിരുന്ന കുറിച്ചി കുമാരന്‍ ആശാനില്‍നിന്നാണ് ഈ പദ്ധതിയിലെ താളങ്ങളുടെ പേരുകള്‍ കിട്ടിയത്. സ്വരൂപം നിര്‍ണയിക്കുന്നതിന് മറ്റു കലാകാരന്മാരുടെ കലാപ്രകടനങ്ങളും അഭിമുഖങ്ങളും സഹായകമായിട്ടുണ്ട്.ഈ താളപദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇവിടെ കാണാം] ഈ താളപദ്ധതിയില്‍ ഏഴു താളങ്ങളാണുള്ളത്। താളങ്ങളുടെ ഘടന വിശദീകരിക്കാന്‍ അടി, ഇട എന്നീ ക്രിയകള്‍ ഉപയോഗിക്കുന്നു. അടിയെ കുറിക്കാന്‍ I എന്ന അടയാളവും ഇടയെ സൂചിപ്പിക്കാന്‍ X എന്ന അടയാളവും ഉപയോഗിച്ചിരിക്കുന്നു. അടിയുടെ അത്രതന്നെ സമയമാണ് ഇടയ്ക്കും വേണ്ടത്.
ഏകചൂഴാതിതാളങ്ങള്‍
1. ഏകതാളം
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: ഒരു അടി, ഒരു ഇട
I X
2. രൂപതാളം
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: രണ്ട് അടി, തുടര്‍ന്ന് ഒരു ഇട
I I X
3. ചമ്പടതാളം
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: മൂന്ന് അടി, ഒരു ഇട
I I I X
4.കാരികതാളം
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: നാല് അടി, ഒരു ഇട
I I I I X
5. പഞ്ചാരിതാളം
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: അഞ്ച് അടി,ഒരു ഇട
I I I I I X
6. മര്‍മ്മതാളം
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: ഒരു അടി, ഒരു ഇട, രണ്ട് അടി, ഒരു ഇട, മൂന്ന് അടി, ഒരു ഇട, നാല് അടി, ഒരു ഇട
I X I I X I I I X I I I I X
7. കുംഭതാളം
ഘടനയില്‍ അല്പം വ്യത്യാസമുള്ള ഈ താളം കഥകളിയെ സംബന്ധിച്ച് പ്രസക്തമല്ല. എങ്കിലും അതിന്റെ ഘടന താഴെക്കൊടുക്കുന്നു.
I I I I II X I I II X I X I X I I X (ഇവിടെ ക്രിയകള്‍ക്കിടയിലുള്ള അകലം പ്രത്യേകം ശ്രദ്ധിക്കുക। കൂടുതല്‍ ചേര്‍ന്നിരിക്കുന്ന അടികളുടെ ഇടവേള മറ്റ് അടികളുടെ ഇടവേളയുടെ പകുതി മാത്രമേയുള്ളൂ।)
ഇതിന്റെ വായ്ത്താരി: ‘തി തി തി തി തിതെയ് തി തി തിതെയ് തെയ് തെയ് ധി തെയ്’
ഈ താളപദ്ധതി ശ്രദ്ധിച്ചാല്‍ ആദ്യത്തെ അഞ്ചു താളങ്ങളില്‍ അടികളുടെ എണ്ണം ക്രമമായി കൂടിവരുന്നതു കാണാം. ആറാമത്തെ താളമായ മര്‍മ്മതാളമാകട്ടെ ആദ്യത്തെ നാലു താളങ്ങള്‍ ചേര്‍ത്തു നിര്‍മ്മിച്ചതാണെന്നും കാണാം. ഈ സാധ്യത കഥകളിയിലെ താളങ്ങള്‍ പരിചയപ്പെടാന്‍ ഉപയോഗിക്കാം. ഇതില്‍ ഏകതാളവും ചമ്പടയുടെ ഒരു വകഭേദവും പഞ്ചാരിയും ഏകചൂഴാതിയില്‍ കണ്ടതുതന്നെ.
കഥകളിയിലെ താളങ്ങള്‍
1. ഏകം
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: ഒരു അടി, ഒരു ഇട
I X (ആകെ 2 മാത്ര)
കേളികൊട്ട്, പുറപ്പാട്, മേളപ്പദം, തിരനോട്ടം എന്നിവയുടെ പല ഘട്ടങ്ങളിലും ഈ രീതിയില്‍ താളം പിടിക്കുന്നു. കൂടാതെ കാലം മുറുകിയുള്ള ആട്ടത്തിനും ഇങ്ങനെ താളം പിടിക്കാറുണ്ട്. ‘തെയ് യം’ എന്നു വായ്ത്താരി.
2. ചമ്പട
1) ഒന്നാം വകഭേദം താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: മൂന്ന് അടി, ഒരു ഇട
I I I X (ആകെ 4 മാത്ര)
കഥകളിയില്‍ പദത്തിനുശേഷമുള്ള ആട്ടത്തിനും ചമ്പടതാളത്തില്‍ ചൊല്ലിവട്ടംതട്ടിയുള്ള ആട്ടത്തിനും തുടര്‍ന്നുള്ള വട്ടംവച്ചുകലാശത്തിനും കല്ലുവഴി സമ്പ്രദായത്തില്‍ ഈ രീതിയിലാണു താളം പിടിക്കുന്നത്. ‘തി തി തെയ് ഇ’ എന്നു വായ്ത്താരി. തെക്കന്‍ സമ്പ്രദായങ്ങളില്‍ ‘തെയ് ഇ തി തി തി തി തി തി തെയ് ഇ തി തി തെയ് ഇ തി തി’ എന്നാണ് വട്ടംവച്ചുകലാശത്തിനു താളം പിടിക്കുന്നത്.
2) രണ്ടാം വകഭേദം
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: ഏഴ് അടി, ഒരു ഇട
I I I I I I I X (ആകെ 8 മാത്ര)
ചമ്പടതാളത്തിന്റെ മധ്യമ-ദ്രുതകാലങ്ങളിലുള്ള പദങ്ങള്‍ക്ക് ഇങ്ങനെ താളം പിടിക്കുന്നു.
3) മൂന്നാം വകഭേദം
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: ഒരു അടി, മൂന്ന് ഇട, ഒരു അടി, ഒരു ഇട
I X X X I X I X (ആകെ 8 മാത്ര)
കേളിയിലും മേളപ്പദത്തിലുമുള്ള ‘ചമ്പടവട്ട’ത്തിന് ഇങ്ങനെ താളം പിടിക്കുന്നു. ‘തെ യ്യം ത ത്താ ധീ ധീ’ എന്നു വായ്ത്താരി.
3. ചമ്പ
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: നാല് അടി, ഒരു ഇട, രണ്ട് അടി, ഒരു ഇട, ഒരു അടി, ഒരു ഇട
I I I I X I I X I X (ആകെ 10 മാത്ര)
ഏകചൂഴാതിയുടെ രീതിയില്‍ ഒരു കാരിക, ഒരു രൂപം, ഒരു ഏകം എന്നിവ ചേര്‍ന്നാല്‍ ചമ്പതാളമായി. ‘ത തി ന്ത ത്താ കിട തീ തീ കിട തെയ് കിട’ എന്നു വായ്ത്താരി. ‘കിട’ എന്ന ഭാഗം ഒരു ‘ഇട’യുടെ സ്ഥാനത്താണു വരുന്നത്.
4. അടന്ത
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: നാല് അടി, ഒരു ഇട, നാല് അടി, ഒരു ഇട, ഒരു അടി, ഒരു ഇട, ഒരു അടി, ഒരു ഇട
I I I I X I I I I X I X I X (ആകെ 14 മാത്ര)
ഏകചൂഴാതിയുടെ രീതിയില്‍ രണ്ട് കാരിക, രണ്ട് ഏകം എന്നിവ ചേര്‍ന്നാല്‍ അടന്തയായി. ‘ത ത ത ധീം ഇം ത ത ത ധീം ഇം ധീം ഇം ധീം ഇം’ എന്നു വായ്ത്താരി.
5. പഞ്ചാരി
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: അഞ്ച് അടി, ഒരു ഇട
I I I I I X (ആകെ 6 മാത്ര)
ഏകചൂഴാതിയിലെ പഞ്ചാരിയുമായി വ്യത്യാസമില്ല. ‘ത തി ന്ത ക്ക ത്തോം ഓം’ എന്നു വായ്ത്താരി.
6. ത്രിപുട
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: രണ്ട് അടി, ഒരു ഇട, മൂന്ന് അടി, ഒരു ഇട
I I X I I I X (ആകെ 7 മാത്ര)
ഏകചൂഴാതിയിലെ രൂപം, ചമ്പട എന്നീ താളങ്ങള്‍ ചേര്‍ത്താല്‍ ഈ താളമായി. നാടോടിക്കലാകാരന്മാര്‍ ഇതിനു ‘രൂപംചമ്പട’ എന്നൊരു പേരു പറയാറുണ്ട്. ‘തി തെയ് ഇ തി തി തെയ് ഇ’ എന്നു വായ്ത്താരി.
ശ്രീ. കലാമണ്ഡലം പദ്മനാഭന്‍ നായരുടെ ചൊല്ലിയാട്ടം എന്ന കൃതിയില്‍ ‘മുറിയടന്ത (14 മാത്ര)’ എന്നു വ്യവഹരിച്ചിരിക്കുന്നത് ഈ താളത്തെയാണ്. ഇവിടെ സാമ്പ്രദായികമായി പറഞ്ഞുവരുന്ന ‘ത്രിപുട’ എന്ന പേരുതന്നെ ഉപയോഗിച്ചിരിക്കുന്നു.
7. മുറിയടന്ത
1) ഒന്നാം വകഭേദം
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: ഒരു അടി, ഒരു ഇട, ഒരു അടി, രണ്ട് ഇട
I X I X X (ആകെ 5 മാത്ര)
‘ദുര്യോധനവധത്തിലെ ‘നില്ലെടാ നില്ലെടാ’, ബാലിവധത്തീലെ ‘മത്തനാമെന്നോടടര്‍’ എന്നിങ്ങനെയുള്ള പദങ്ങള്‍ക്ക് ഈ രീതിയിലാണ് താളം പിടിക്കുന്നത്. ശ്രീ. പദ്മനാഭന്‍ നായരുടെ ചൊല്ലിയാട്ടത്തില്‍ മാത്രാസംഖ്യയെ അടിസ്ഥാനമാക്കി ഈ താളത്തെ ‘ചെമ്പ- ഈരണ്ടടി’, ‘ചെമ്പ (ഇരട്ട അടി)’ എന്നൊക്കെ വ്യവഹരിക്കുന്നു. ഇവിടെ സാമ്പ്രദായികമായി പറഞ്ഞുവരുന്ന ‘മുറിയടന്ത’ എന്ന പേരുതന്നെ ഉപയോഗിച്ചിരിക്കുന്നു.
2) രണ്ടാം വകഭേദം
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: ഒരു അടി, രണ്ട് ഇട, ഒരു അടി, മൂന്ന് ഇട
I X X I X X X (ആകെ 7 മാത്ര)
കല്യാണസൌഗന്ധികത്തിലെ ‘മാന്യനായ തവ സോദരന്‍’, ബാലിവധത്തിലെ ‘നല്ലാരില്‍മണിമൌലേ’ എന്നിങ്ങനെയുള്ള പദങ്ങള്‍ക്ക് ഇങ്ങനെ താളം പിടിക്കുന്നു. ശ്രീ. കലാമണ്ഡലം പദ്മനാഭന്‍ നായരുടെ ചൊല്ലിയാട്ടം എന്ന കൃതിയില്‍ ‘മുറിയടന്ത (ദ്രുതം)’ എന്നു വ്യവഹരിച്ചിരിക്കുന്നത് ഈ താളത്തെയാണ്.
3) മൂന്നാം വകഭേദം
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: മൂന്ന് അടി, ഒരു ഇട, ഒരു അടി, ഒരു ഇട
I I I X I X (ആകെ 6 മാത്ര)
കല്ലുവഴി സമ്പ്രദായത്തില്‍ ഇവിടെ മുറിയടന്ത ഒന്നും രണ്ടും വകഭേദങ്ങളായി പറഞ്ഞ പദങ്ങളില്‍ ചൊല്ലി വട്ടംതട്ടുന്നതിനും തുടര്‍ന്നുള്ള വട്ടംവച്ചു കലാശത്തിനും ഈ രീതിയില്‍ താളം പിടിക്കുന്നു। ‘തി തി തെയ് ഇ തെയ് ഇ’ എന്നു വായ്ത്താരി. മുറിയടന്തയുടെ 7 മാത്രയുള്ള വകഭേദത്തിന് ബകവധത്തിലെ ‘ദ്വിജവരമൌലേ’ പോലുള്ള ചില പദങ്ങളില്‍ ചൊല്ലി വട്ടംതട്ടുന്നതിനും തുടര്‍ന്നുള്ള വട്ടംവച്ചു കലാശത്തിനും അടന്തതാളത്തിന്റെ രീതിയില്‍ത്തന്നെ (‘ത ത ത ധീം ഇം ത ത ത ധീം ഇം ധീം ഇം ധീം ഇം’) ആണ്
താളംപിടിക്കുന്നത്.
4) നാലാം വകഭേദം
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: ഒരു അടി, ഒരു ഇട, മൂന്ന് അടി, ഒരു ഇട
I X I I I X (ആകെ 6 മാത്ര)
തെക്കന്‍ സമ്പ്രദായങ്ങളില്‍ ഇവിടെ മുറിയടന്ത ഒന്നും രണ്ടും വകഭേദങ്ങളായി പറഞ്ഞ പദങ്ങളില്‍ ചൊല്ലി വട്ടംതട്ടുന്നതിനും തുടര്‍ന്നുള്ള വട്ടംവച്ചു കലാശത്തിനും ഈ രീതിയില്‍ താളം പിടിക്കുന്നു. ‘തെയ് ഇ തി തി തെയ് ഇ’ എന്നു വായ്ത്താരി.
താരതമ്യേന മുറുകിയ കാലങ്ങളില്‍ താളം പിടിക്കുമ്പോഴുള്ള താളഘടനയാണ് ഇതുവരെ വിവരിച്ചത്. പ്രധാനതാളങ്ങളുടെ പതികാലങ്ങളുള്‍പ്പെടെയുള്ള ഓരോ കാലത്തിലും താളം പിടിക്കുന്ന രീതി താഴെക്കൊടുക്കുന്നു.
1. ചമ്പടതാളം
1) ഒന്നാം കാലം
I X X X I X I X I X X X I I I I I X X X I X I X I I X I I X I I (ആകെ 32 മാത്ര)
ഉദാ:
1. ‘ബാലേ വരിക’ (ബകവധം-ഭീമന്‍)
2. ‘താപസകുലതിലക’(ബകവധം-ഭീമന്‍)
3. ‘പാഞ്ചാലരാജതനയേ’ (കല്യാണസൌഗന്ധികം-ഭീമന്‍)
4. ‘ബാലേ കേള്‍ നീ’ (കിര്‍മ്മീരവധം-ധര്‍മ്മപുത്രര്‍)
5. ‘പാണ്ഡവന്റെ രൂപം’ (കാലകേയവധം-ഉര്‍വശി)
6. ‘കല്യാണീ കാണ്‍ക’(ഉത്തരാസ്വയംവരം-ദുര്യോധനന്‍)
7. ‘അരവിന്ദദളോപമനയനേ’(നരകാസുരവധം- നരകാസുരന്‍)
2) രണ്ടാം കാലം
I X X X I X IIIII X X X IIXIIXII (ആകെ 16 മാത്ര) (ഇവിടെ ക്രിയകള്‍ക്കിടയിലുള്ള അകലം പ്രത്യേകം ശ്രദ്ധിക്കുക. കൂടുതല്‍ ചേര്‍ന്നിരിക്കുന്ന അടികളുടെ ഇടവേള മറ്റ് അടികളുടെ ഇടവേളയുടെ പകുതി മാത്രമേയുള്ളൂ.)
ഉദാ:
1. ‘അഗ്രജാ വീരാ’ (ലവണാസുരവധം-ലവകുശന്മാര്‍)
3) മൂന്നാം കാലം
I I I I I I I X (ആകെ 8 മാത്ര)
ഉദാ:
1. ‘അജിതാ ഹരേ ജയ’ (കുചേലവൃത്തം-കുചേലന്‍)
2. ‘ലോകപാലന്മാരേ’ (നളചരിതം മൂന്നാം ദിവസം-നളന്‍)
3. ‘സന്താപമരുതരുതേ’(ദക്ഷയാഗം-ശിവന്‍)
4. ‘അറിയാതെ മമ പുത്രിയെ’ (ദക്ഷയാഗം-ദക്ഷന്‍)
ഈ പദങ്ങളില്‍ത്തന്നെ കാലത്തെ-വേഗതയെ സംബന്ധിച്ച് ഏറ്റക്കുറച്ചിലുകള്‍ വരും. കാലം ഇതിലും മുറുകിയുള്ള പദങ്ങളുമുണ്ട്. ഉദാഹരണത്തിന് സീതാസ്വയംവരത്തില്‍ പരശുരാമന്റെ ‘രാജകുലാധമ’ എന്നു തുടങ്ങിയ പദങ്ങള്‍. അപ്പോഴും താളഘടന മാറുന്നില്ല.
2. ചമ്പതാളം
1) ഒന്നാം കാലം
I X X X I X X X I I I I I X X X I X I X I X X X I X X X I X I X I X X X I X I X (ആകെ 40 മാത്ര)
ഉദാ:
1. ‘നവഭവദശോകദള’ (മേളപ്പദം)
2. ‘കഞ്ജദളലോചനേ’ (സുഭദ്രാഹരണം-അര്‍ജ്ജുനന്‍)
2) രണ്ടാം കാലം
I X I X IIIII X X X I X I X I I I X X X (ആകെ 20 മാത്ര)
ഉദാ:
1. ‘കുസുമചയരചിത’ (മേളപ്പദം)
2. ‘ജയരുചിരകനകാദ്രിസാനോ’ (കിര്‍മ്മീരവധം-ധര്‍മ്മപുത്രര്‍)
3. ‘സുന്ദരീമണിയായ’ (ബാലിവധം-രാവണന്‍)
3) മൂന്നാം കാലം
I I I I X I I X I X (ആകെ 10 മാത്ര)
ഉദാ:
1. ‘വിതതബഹുവല്ലീ’ (മേളപ്പദം)
2. ‘വിധികൃതവിലാസമിതു’ (സന്താനഗോപാലം-അര്‍ജ്ജുനന്‍)
കാലം ഇതിലും മുറുകിയാലും താളഘടന മാറുന്നില്ല.
ഉദാ:
1. ‘ചലമലയമൃദു’ (മേളപ്പദം)
2. ‘വിഹിതപദ്മാവതീ’ (മേളപ്പദം)
3. ‘തവസഹജനമിതബല’(ബാലിവധം- സുഗ്രീവന്റെ പദം- അതിന്റെ ഇരട്ടി കാലത്തില്‍ ബാലിയുടെ വട്ടംവച്ചുകലാശം )
3. അടന്തതാളം
1) ഒന്നാം കാലം
I X X X I X X X I I I I I X X X I X I X I X X X I X X X I I I I I X X X I X I X I I X I I X I I I X X X I X I X (ആകെ 56 മാത്ര)
ഉദാ:
1. ‘മാരസദൃശമഞ്ജുളാകൃതേ’(ബകവധം-ലളിത)
2. ‘സലജ്ജോഹം’ (കാലകേയവധം-അര്‍ജ്ജുനന്‍)
3. ‘ജനക തവ ദര്‍ശനാത്’ (കാലകേയവധം-അര്‍ജ്ജുനന്‍)
4. ‘കഷ്ടം ഞാന്‍ കപടംകൊണ്ട്’ (സുഭദ്രാഹരണം-അര്‍ജ്ജുനന്‍)
4. ‘കുവലയവിലോചനേ’ (നളചരിതം രണ്ടാം ദിവസം-നളന്‍)
2) രണ്ടാം കാലം
I X I X IIIII X X X I X I X IIIII X X X IIXIIXIII X X X (ആകെ 28 മാത്ര)
ഉദാ:
1. ‘മാതലേ നിശമയ’ (കാലകേയവധം-ഇന്ദ്രന്‍)
2. ‘ഭവതീയ നിയോഗേന’ (കാലകേയവധം-മാതലി)
3. ‘നല്ലാര്‍കുലമണിയും’ (കിര്‍മ്മീരവധം-ലളിത)
3) മൂന്നാം കാലം
I I I I X I I I II X II X III X
ഉദാ:
1. ‘ദ്രുപദഭൂപതിതന്റെ’ (കിര്‍മ്മീരവധം-പാഞ്ചാലി)
2. ‘സോദരീ രാജ്ഞി’(കീചകവധം-കീചകന്‍)
ഇതിലും മുറുകിയ തരത്തില്‍, ബകവധത്തില്‍ ഭീമന്റെ ‘ദ്വിജവരമൌലേ’ പോലുള്ള ചില പദങ്ങളുടെ ചൊല്ലിവട്ടംതട്ടിയുള്ള ആട്ടത്തിനും വട്ടംവച്ചു കലാശത്തിനുമാണ് ആദ്യം താളത്തിന്റെ തനതുഘടനയായിപ്പറഞ്ഞ രൂപം പ്രയോഗിക്കുന്നത്. മുറിയടന്തയുടെ ഘടന സൂചിപ്പിച്ച ഭാഗം നോക്കുക)
4. പഞ്ചാരിതാളം
1) ഒന്നാം കാലം
പഞ്ചാരിയുടെ രണ്ടു കാലങ്ങളില്‍ മാത്രമാണ് പദങ്ങളുള്ളത്. ഒന്നാം കാലം എന്നു പറയാവുന്ന പതികാലം പ്രയോഗത്തിലില്ല.
2) രണ്ടാം കാലം
I X I X IIXIIXII I X X X (ആകെ 12 മാത്ര)
ഉദാ:
1. ‘മനുജതിലക’ (കാലകേയവധം-ഇന്ദ്രന്‍)
3) മൂന്നാം കാലം
I I I I I X (ആകെ 6 മാത്ര)
ഉദാ:
1. ‘ബാധയെന്നിയേ നിവാതകവചനെ’ (കാലകേയവധം-അര്‍ജ്ജുനന്‍)
2. ‘രൂഢമാം മദേന’ (ദക്ഷയാഗം-നന്ദികേശ്വരന്‍)
5. ത്രിപുടതാളം
രാവണോദ്ഭവത്തില്‍ രാവണന്റെ ‘തപസ്സാട്ടം’ ഈ താളത്തിന്റെ നാലു കാലങ്ങളിലായാണ് വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്.
1) ഒന്നാം കാലം
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: അഞ്ച് അടി, ഒരു ഇട, മൂന്ന് അടി, ഒരു ഇട, മൂന്ന് അടി, ഒരു ഇട
I I I I I X I I I X I I I X (ആകെ 14 മാത്ര)
രാവണന്റെ തന്റേടാട്ടം ആരംഭം മുതല്‍ അമ്മയായ കൈകസിയോടു യാത്രപറഞ്ഞു പിരിയുന്നതു വരെ ഒന്നാം കാലം.
2) രണ്ടാം കാലം
ഒന്നാം കാലത്തില്‍നിന്നു വേഗത ഇരട്ടിയാകുന്നതല്ലാതെ താളഘടനയില്‍ മാറ്റമില്ല.
തുടര്‍ന്നു രാവണന്‍ തപസ്സു ചെയ്യാന്‍ പുറപ്പെടുന്നതു മുതല്‍ സഹോദരന്മാരെ തപസ്സിനായി യാത്രയാക്കുന്നതു വരെ രണ്ടാം കാലം.
3) മൂന്നാം കാലം
രണ്ടാം കാലത്തിന്റെ ഇരട്ടി വേഗതയിലാകുന്നതല്ലാതെ താളഘടനയില്‍ മാറ്റമില്ല.
തുടര്‍ന്നു രാവണന്‍ ഗോകര്‍ണത്തു തപസ്സിനായി പ്രവേശിക്കുന്നതു മുതല്‍ ഒന്നൊഴികെയുള്ള തലകള്‍ വെട്ടി ഹോമിക്കാന്‍ തീരുമാനിക്കുന്നതു വരെ.
4) നാലാം കാലം
മൂന്നാം കാലത്തിന്റെ ഇരട്ടി വേഗതയിലാകുന്നു.
താളത്തിന്റെ ക്രിയകള്‍: ഒരു അടി, രണ്ട് ഇട, ഒരു അടി, ഒരു ഇട, ഒരു അടി, ഒരു ഇട
IXXIXIX
തുടര്‍ന്ന് രാവണന്‍ ഒന്‍പതു തലയും വെട്ടി പത്താമത്തെ തല വെട്ടാന്‍ തുനിയുന്നതുവരെ.
നരകാസുരവധത്തിലെ നരകാസുരന്‍, കിര്‍മ്മീരവധത്തിലെ കിര്‍മ്മീരന്‍ തുടങ്ങിയ വേഷങ്ങളുടെ ‘പടപ്പുറപ്പാടി’നൊടുവില്‍ വാള്‍ അരയിലുറപ്പിക്കുന്നതു മുതല്‍ മാറിലെ കെട്ടു മുറുക്കുന്നതു വരെയുള്ള ഭാഗത്ത് ഈ രീതിയിലാണു താളം പിടിക്കുന്നത്.
മറ്റു ചില താളഘടനകള്‍
1. അടന്തവട്ടം
തോരണയുദ്ധത്തില്‍ ഹനുമാന്റെ സമുദ്രലംഘനഘട്ടത്തിലും, നക്രതുണ്ഡി, സിംഹിക തുടങ്ങിയ പെണ്‍കരിവേഷങ്ങളുടെ തിരനോക്കിനു ശേഷമുള്ള ‘കരിയുടെ ചടങ്ങുകള്‍’ എന്നറിയപ്പെടുന്ന ഭാഗത്തുമൊക്കെ ഈ താളഘടന ഉപയോഗിക്കുന്നു.
താളം പിടിക്കാനുള്ള ക്രിയകള്‍: I I I X I I X (ആകെ 7 മാത്ര)
2. അഞ്ചടന്തരീതി
കത്തി, താടി, കരി തുടങ്ങിയ വേഷങ്ങളുടെ തിരനോട്ടത്തിന് തിരശ്ശീലയ്ക്കുള്ളിലുള്ള ചടങ്ങുകള്‍ക്കിടയ്ക്കിടയില്‍ ചില ഘട്ടങ്ങളില്‍ ഒരു പ്രത്യേകരീതിയില്‍ താളം പിടിക്കുന്നു. അടന്തയുടെ നാല് അടി വീതമുള്ള രണ്ടു ഖണ്ഡങ്ങളെ അഞ്ച് അടി വീതമാക്കിയാല്‍ അഞ്ചടന്ത എന്ന താളമായി. ഈ താളത്തിന്റെ ഏകദേശഘടനയിലാണ് ഇവിടെ താളം പിടിക്കുന്നത്.
താളം പിടിക്കുന്നതിനുള്ള ക്രിയകള്‍: അഞ്ച് അടി, ഒരു ഇട, അഞ്ച് അടി, ഒരു ഇട, മൂന്ന് അടി, ഒരു ഇട
I I I I I X I I I I I X I I I X
കഥകളിയിലെ താളങ്ങളുടെ സാമാന്യഘടന ഇതാണ്.
Subscribe to:
Post Comments (Atom)
dear manojettan,
ReplyDeletethis is certainly helpful. I'm very bad on 'talam'; had certain questions
1) >കലകളില്‍ ഇത്തരത്തില്‍ കൃത്യവും യാന്ത്രികവുമായ രീതിയിലല്ല താളം പിടിക്കുന്നത് എന്നു പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അവിടെ താളത്തെ അളക്കുന്നത്, താളം പിടിക്കുന്നത് പല വിധത്തിലാണ്.
is it 'താളത്തെ അളക്കുന്നത്' ? or 'kalathe അളക്കുന്നത്' ?
2) connection between 'വായ്ത്താരി' and talam is confusing for me. is it systematic? isn't better to say one sound (from mouth -> വായ്ത്താരി) for adi and another sound for ida? now it looks different. for e.g ഏകം has ‘തെയ് യം’ as വായ്ത്താരി. you say, it has |X as structure. and champada has 'തി തി തെയ് ഇ' as vaythari; it has I I I X as structure. and the tekkan style is adding more confusion to the issue.
3)Why we have different 'വകഭേദം' for a 'talam'? each 'വകഭേദം' has different structure and different 'matra'? why don't we classify this in to different 'talam'?
in carnatic style khanda jathi ata and chathurashra jathi dhruva have 14 mathras. oh i think the 'വകഭേദം' is similar to 'jathi'! is it? no. then how we can generalize this?
4) why we have different 'tripuda' for 'tapssatam'? or is padmanabhan nair ashan's naming is correct.
5) then we have different 'kalams' for talam! this makes the talam itself different.... i mean totally different structure. (even though it is a multiplication of matras of a particular talam) if we have different matras, and structure, why dont we call it in a different name -> different talam.
these questions might be very childish.... would take more time to study...
thanks,
Ravishanker