Tuesday, May 19, 2009

കഥകളിമേളം: ചരിത്രം, വികാസം- ചില പ്രതിസന്ധികളും

കഥകളിയുടെ ഇതരഘടകങ്ങളിലെന്നപോലെ മേളത്തിലും പ്രധാനമായ ചില പരിണാമങ്ങള്‍ സംഭവിക്കുന്നത് പട്ടിക്കാന്തൊടി രാവുണ്ണിമേനോന്റെ കളരിയിലാണ്. അങ്ങനെ കഥകളിമേളത്തിലെയും ആധുനികീകരണം അവിടെത്തന്നെ ആരംഭിക്കുന്നു.


മദ്ദളവും ഇലത്താളവും മാത്രമാണ് ആദ്യം കഥകളിയില്‍ ഉപയോഗിച്ചിരുന്നതെന്നും പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ജീവിച്ചിരുന്ന വെട്ടത്തു രാജാവാണ് ചെണ്ട കഥകളിയിലേക്കു കൊണ്ടുവന്നതെന്നും പറയാറുണ്ട്. ആസുരവേഷങ്ങളുടെ തിരനോട്ടവും അവരുടെ ആട്ടത്തിനു ചെണ്ടമദ്ദളങ്ങളും വെട്ടത്തു തമ്പുരാനാണ് നടപ്പിലാക്കിയതെന്നു കഥകളിരംഗത്തില്‍ കാണാം. രണ്ടു പാട്ടുകാര്‍ വേണമെന്നും അതില്‍ പ്രധാനി ചേങ്ങലയില്‍ താളം പിടിച്ചുപാടണമെന്നുമുള്ള നടപ്പാക്കിയത് തെക്കുംകൂറിലെ കുറിച്ചിദേശക്കാരായിരുന്നുവെന്നും കെ. പി. എസ്. മേനോന്‍ പറയുന്നു. അങ്ങനെ കഥകളിയില്‍ ഇന്നു കാണുന്ന വാദ്യങ്ങളായി.

പതിനെട്ടാം നൂറ്റാണ്ടില്‍ കപ്ലിങ്ങാട്ടു നമ്പൂതിരി പുറപ്പാടിനു ശേഷമുള്ള ‘മഞ്ജുതര’ എന്നുതുടങ്ങുന്ന പദവും മേളസമ്പ്രദായവും ചിട്ടപ്പെടുത്തി. അദ്ദേഹത്തിന്റെ കളിയോഗത്തിലെ ചെണ്ടക്കാരനായിരുന്ന കാവുങ്കല്‍ ഉണ്ണീരിപ്പണിക്കരാണ് ഈ വ്യവസ്ഥ ചിട്ടപ്പെടുത്താന്‍ അദ്ദേഹത്തെ സഹായിച്ചത്. ‘കല്ലടിക്കോടന്‍ സമ്പ്രദായത്തില്‍ മേളക്കാര്‍ നൃത്തത്തിനനുസരിച്ച് (കലാശങ്ങള്‍ക്ക്) കൊട്ടുന്നതില്‍ മാത്രമാണു ശ്രദ്ധിച്ചിരുന്നത്. മദ്ദളവും ചെണ്ടയും നൃത്തത്തിലെന്നപോലെ മുഖഭാഗങ്ങളെക്കൊണ്ടുള്ള നാട്യത്തിനും കൈക്കും യോജിച്ചു പ്രവര്‍ത്തിക്കണമെന്നു നിയമിച്ചതു കപ്ലിങ്ങാട്ടു നമ്പൂതിരിയാണ് ’(കഥകളിരംഗം) കഥകളിയില്‍ ബാലിവിജയത്തിലെ ‘കൈലാസോദ്ധാരണം’, രാവണോദ്ഭവത്തിലെ ‘തപസ്സാട്ടം’ തുടങ്ങിയ മേളപ്രധാനമായ ഭാഗങ്ങള്‍ നടപ്പില്‍ വരുന്നതും കപ്ലിങ്ങാടിന്റെ കാലത്തുതന്നെ.

പത്തൊന്‍പതാം നൂ‍റ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ കാക്കൂര്‍ ദാമോദരന്‍‌ നമ്പീശന്‍, തിരുവില്വാമല ചിട്ടന്‍ പട്ടര്‍‌ എന്നീ മദ്ദളക്കാരും കാക്കൂര്‍‌ കുഞ്ഞന്‍‌ മാരാര്‍‌, കുറുങ്കാട്ടില്‍‌ കൃഷ്ണന്‍‌ നമ്പൂതിരി, തിരുവില്വാമല സുബ്രഹ്മണ്യ പട്ടര്‍‌, കാന്തേങ്കാവില്‍‌ നാണു മേനോന്‍‌ എന്നീ ചെണ്ടക്കാരും പ്രസിദ്ധരായി। കത്തിവേഷത്തിന്റെ തിരനോക്കിന് ഇപ്പോള്‍ കൊട്ടുന്ന പ്രൌഢഗംഭീരമായ രീതി, ദശമുഖന്‍‌ ശങ്കുപ്പണിക്കരുടെ തപസ്സാട്ടത്തിനു കൊട്ടുന്നതില്‍‌ വിദഗ്ദ്ധനായിരുന്ന കുറുങ്കാട്ടില്‍‌ കൃഷ്ണന്‍‌ നമ്പൂതിരി ആവിഷ്കരിച്ചതാണ്. മരുതൂര്‍കുളങ്ങര വെള്ളങ്ങാട്ട് വേലുപ്പണിക്കര്‍, തകഴി മാധവക്കുറുപ്പ്, ആറ്റിങ്ങല്‍ രാമപ്പണിക്കര്‍, കരീപ്ര രാമപ്പണിക്കര്‍ എന്നീ മദ്ദളക്കാരും പെരുവഴി ശങ്കരപ്പണിക്കര്‍, തകഴി വടക്കേടത്ത് കുഞ്ചുക്കുറുപ്പ്, കീരിക്കാട്ട് നീലകണ്ഠപ്പണിക്കര്‍‌, ഇടത്തുകൈയന്‍‌ രാമന്‍‌പിള്ള എന്നീ ചെണ്ടക്കാരുമാണ് അക്കാലത്തെ പ്രമുഖരായ മറ്റു മേളക്കാര്‍‌.

കപ്ലിങ്ങാട് ആവിഷ്കരിച്ച പദ്ധതിയനുസരിച്ച് കളിക്കു കൂടുന്നതിനൊപ്പം വാദ്യങ്ങളുടെ നാദഗുണവും‌കൂടി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളായി പിന്നീട്. അങ്ങനെ കൂടുതല്‍‌ സമകാലികമായ രൂപത്തിലെത്തിയ കഥകളിമേളത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ആദ്യപ്രധാനികള്‍ ഗുരുവായൂര്‍‌ കുട്ടന്‍‌മാരാര്‍‌, മൂത്തമന നമ്പൂതിരി, വെങ്കിച്ചന്‍ സ്വാമി, മഞ്ചേരി ശങ്കുണ്ണി നായര്‍ എന്നിവരാണ്. വൈക്കം നാരായണപ്പണിക്കര്‍‌, പുതുപ്പള്ളില്‍‌ കണ്ടക്കുറുപ്പ് എന്നീ മദ്ദളക്കാരും ഹരിപ്പാട്ടു കുട്ടപ്പപ്പണിക്കര്‍‌, ഇറവങ്കര ഗോവിന്ദപ്പണിക്കര്‍ എന്നീ ചെണ്ടക്കാരും ഇവര്‍ക്കു സമകാലികരാണ്. ചെങ്ങന്നൂര്‍ രാമന്‍‌പിള്ളയ്ക്കു പ്രിയപ്പെട്ട ചെണ്ടക്കാരനായിരുന്ന തിരുവല്ല ഗോപാലപ്പണിക്കരും പ്രസ്താവ്യനാണ്.

ഈ ഘട്ടത്തിലാണ് പട്ടിക്കാന്തൊടിക്കളരിയിലൂടെ, കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി പൊതുവാള്‍, കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാള്‍ എന്നിവരിലൂടെ കഥകളിമേളത്തിലെ സൂക്ഷ്മവികാസങ്ങള്‍ സംഭവിച്ചത്. കിര്‍മ്മീരവധം കഥയിലെ ‘മണമിയലും നവകുസുമാസ്തരണേ’ എന്ന ഭാഗത്ത് താന്‍ കളരിയില്‍ കൊട്ടിയതിനെ ‘ചരലല്ല, പൂവാണിവിടെ വിതറുന്നത്’ എന്നു പട്ടിക്കാന്തൊടി വിമര്‍ശിച്ചതായി കൃഷ്ണന്‍‌കുട്ടി പൊതുവാള്‍ പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്. കഥകളിക്കൊട്ടിലെ ഉപരിപഠനത്തിന് പൊതുവാള്‍മാരുടെ ഗുരുനാഥന്‍ മറ്റൊരു വാദ്യകലാകാരനായിരുന്നില്ല. അത് പട്ടിക്കാന്തൊടി രാവുണ്ണിമേനോന്‍തന്നെ ആയിരുന്നുവെന്ന് കൃഷ്ണന്‍‌കുട്ടി പൊതുവാള്‍ പറയാറുണ്ടായിരുന്നതും ഓര്‍ക്കാം.

പട്ടിക്കാന്തൊടിയുടെ ഈ വിമര്‍ശനത്തിന്റെ പൊരുളുകള്‍ ലളിതമാണ്. മേളം, മുദ്രയിലൂടെ ആവിഷ്കരിക്കുന്ന ആശയത്തിനും ഭാവത്തിനും മിഴിവുനല്‍കണം. ശരീരത്തിന്റെയും മുദ്രയുടെയും വിന്യാസത്തിനു പൂരകമാകണം. അതു വേണമെങ്കില്‍ മേളത്തില്‍ ഒരേതരത്തില്‍ നിര്‍വഹിക്കുന്ന കരണങ്ങള്‍ക്കു കനനിയന്ത്രണമുണ്ടാകണം. വാദ്യങ്ങളിലെ വിവിധസ്ഥാനങ്ങള്‍ വിദഗ്ദ്ധമായി സംയോജിപ്പിക്കാന്‍ കഴിയണം. തായമ്പക, മേളം, പഞ്ചവാദ്യം തുടങ്ങി വാദ്യം പ്രധാനമാകുന്ന കലാരൂപങ്ങളില്‍നിന്നു ഭിന്നമായി കഥകളിമേളത്തിന് അതിന്റെ ഉദ്ദേശ്യങ്ങളില്‍ അധിഷ്ഠിതമായ ഒരു രീതിശാസ്ത്രമുണ്ടാകണം. അതായത് അഭിനേതാവിന്റെ മുദ്ര, ഭാവം, ശരീരവിന്യാസം എന്നിവയ്ക്കു മിഴിവു നല്‍കുന്ന തരത്തിലാവണം കഥകളിമേളം.

പൊതുവാള്‍മാര്‍ക്കു മുന്‍പുള്ള കഥകളിക്കൊട്ടില്‍ ഈ ഗുണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നിവിടെ വിവക്ഷയില്ല. രാവുണ്ണിമേനോന്റെ വേഷങ്ങള്‍ക്ക് മേളം നിര്‍വഹിച്ചിരുന്ന മൂത്തമന നമ്പൂതിരിയും വെങ്കിച്ചന്‍ സ്വാമിയും ദീക്ഷിച്ചിരുന്ന ഭാവൌചിത്യം പഴമക്കാരുടെ മൊഴികളിലൂടെ പ്രസിദ്ധമാണ്. എങ്കിലും ഒരേ കളരിയില്‍ ഒരുമിച്ചഭ്യസിക്കുന്നതിനും അരങ്ങത്തു പ്രവര്‍ത്തിക്കുന്നതിനും സാധിച്ചതിനാല്‍ പൊതുവാള്‍മാര്‍ പങ്കെടുത്ത അരങ്ങുകള്‍ മേല്പറഞ്ഞ പൂര്‍വികരെക്കാള്‍ ശോഭിച്ചിരുന്നുവെന്ന് പഴമക്കാരുടെ മൊഴിയെത്തന്നെ അടിസ്ഥാനമാക്കി കെ. പി. എസ്. മേനോന്‍ പറയുന്നു. (പട്ടിക്കാന്തൊടി രാവുണ്ണിമേനോന്‍‌ എന്ന പുസ്തകം)


ഈ പൊതുസമ്മതത്തിലൂടെ പൊതുവാള്‍മാരുടെ മഹത്വവത്ക്കരണമല്ല, പ്രസക്തമായ വിഷയം. അതിനുമുന്‍പുവരെ കലാകാരന്മാരുടെ വൈയക്തികമായ ധാരണകളില്‍ മാത്രമൂന്നിയിരുന്ന കഥകളിമേളത്തിന് പട്ടിക്കാന്തൊടിയുടെ മാര്‍ഗത്തിലൂടെ ഒരു പൊതുലക്ഷ്യമുണ്ടാവുകയും അതിന്റെ സാക്ഷാത്ക്കാരത്തിന് പൊതുവേ അംഗീകൃതമായ ഒരു പദ്ധതിയുണ്ടാവുകയും ചെയ്യുന്നു എന്നതാണു പ്രധാനം.രാവുണ്ണിമേനോന്റെയും ശിഷ്യപ്രശിഷ്യന്മാരുടെയും ചുമതലയിലുള്ള കളരികള്‍ പ്രബലമായതോടെ ഈ പദ്ധതിക്കു പൊതുവേ സ്വീകാര്യതയുണ്ടായി.


വാദ്യവാദനത്തിനു സവിശേഷമായി സംഭവിച്ച ശൈലീവത്ക്കരണം ഈ പദ്ധതി പ്രായോഗികമാക്കുന്നതിനു വലിയൊരളവു സഹായിച്ചു. ചെണ്ടയില്‍ പൊതുവേ നേര്‍കോല്‍‌പ്രധാനമായിരുന്ന കഥകളിക്കൊട്ട് ഉരുളുകൈയുടെ സാദ്ധ്യതകള്‍ സമൃദ്ധമായി ഉപയോഗിക്കാന്‍ തുടങ്ങി. കഥകളിയുടെ വര്‍ത്തുളാകൃതിയിലുള്ള മുദ്രാവിന്യാസത്തോട് ഈ ഉരുളുകൈപ്രയോഗങ്ങള്‍ സ്വാഭാവികമായി ഇണങ്ങിച്ചേര്‍ന്നു. മുദ്രകളുടെ ലഘു-ഗുരുഭേദമനുസരിച്ചും ഓരോ മുദ്രയുടെയും തരംഗഗതിയെ ഓര്‍മ്മിപ്പിക്കുന്ന ചലനത്തിനനുസരിച്ചും ചെണ്ടയുടെ അരികും നടുവും മാറിമാറി ഉപയോഗിച്ചുകൊണ്ടുള്ള ശൈലീവത്കൃതമായ കഥകളിമേളത്തിനു പ്രചാരമുണ്ടായി. സാധകബലവും നാദശുദ്ധിയുമുള്ള ചെണ്ടവാദനം‌കൊണ്ട് കൃഷ്ണന്‍‌കുട്ടി പൊതുവാളെയും അതിശയിച്ചിരുന്ന കോട്ടയ്ക്കല്‍ കുട്ടന്‍‌ മാരാരുടെയും അദ്ദേഹത്തിന്റെ ശിഷ്യനെങ്കിലും സമശീര്‍ഷനായ പല്ലശ്ശന ചന്ദ്രമന്നാടിയാരുടെയും കഥകളിമേളത്തിനു കളരിയിലും അരങ്ങത്തും സമ്പ്രദായനിഷ്കര്‍ഷ പുലര്‍ത്തിയ കലാമണ്ഡലം അച്ചുണ്ണിപൊതുവാളുടെയും സജീവസാന്നിദ്ധ്യം ചെണ്ടകൊട്ടിനെ ശൈലീവത്ക്കരിക്കാന്‍‌ ഏറെ സഹായിച്ചിട്ടുണ്ട്.

മദ്ദളത്തില്‍ സ്ത്രീവേഷപ്രധാനമായ പദങ്ങള്‍ക്ക് ഭാവാനുസാരിയായി സ്വതന്ത്രമായ ഒരു ആവിഷ്കാരരീതി വളര്‍ച്ച പ്രാപിച്ചു. അതോടൊപ്പം, പൊതുവേ അനുരണനധ്വനികള്‍ കുറഞ്ഞ ചെണ്ടയോടൊപ്പം ചേരുമ്പോള്‍ മേളത്തിലുണ്ടാകുന്ന പഴുതുകളടച്ച് നിറവുനല്‍കുന്ന വിധം മദ്ദളവാദനം വലിയൊരു ക്രമീകരണത്തിനു വിധേയമായി. ചെണ്ട താളത്തിനു സമമാകുമ്പോള്‍ മദ്ദളം ഇടഞ്ഞുകൊട്ടുകയും ചെണ്ട ഇടയുമ്പോള്‍ മദ്ദളം സമത്തിലാവുകയും ചെയ്യുന്നതിലൂടെ സൃഷ്ടിക്കുന്ന നാദങ്ങളുടെ വ്യത്യയപരമായ സംയോജനം കഥകളിമേളത്തിന്റെ അപൂര്‍വസൌന്ദര്യമായി. (ചെണ്ടയും മദ്ദളവും ഇടഞ്ഞുകൊട്ടുന്നത് കഥകളിയിലെ സര്‍വസാധാരണമായ ഏര്‍പ്പാടാണ്. ഇവിടെ നല്‍കിയിരിക്കുന്ന ലവണാസുരവധം കഥകളിയിലെ ദൃശ്യത്തില്‍ ‘തുരഗബന്ധനം’, ‘ഹന്ത ബാലകാ’ തുടങ്ങിയ പദങ്ങളില്‍ വട്ടം തട്ടിയതിനു ശേഷമുള്ള ആട്ടവും കലാശവും ശ്രദ്ധിക്കുക.) തിരുവില്വാമല വെങ്കിച്ചന്‍ സ്വാമി അവിഷ്കരിച്ചതെന്നു കരുതാവുന്ന ഈ സമ്പ്രദായം പൊതുവാള്‍മാരുടെ കാലത്തോടെ വ്യക്തമായ ഒരു പദ്ധതിയായി വികസിച്ചു.


(തുടരും)

19 comments:

  1. ‘കഥകളിമേളം: ചരിത്രം, വികാസം- ചില പ്രതിസന്ധികളും’

    ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാം; വിമര്‍ശിക്കാം.

    ReplyDelete
  2. ചെണ്ടേം മദ്ദളവുമൊക്കെ ഇടഞ്ഞുകൊട്ടുക.. എന്നൊക്കെ പറയുമ്പോൾ അതിന്റെ ഒക്കെ ഓരോ സാമ്പിളും ഓഡിയോ/വീഡിയോ ആയി ഇടാമായിരുന്നു. വെബ്ബിന്റെ സാധ്യതകൾ മുതലെടുക്കുക...:):):)
    -സു-

    ReplyDelete
  3. പ്രിയസുനില്‍, കഥകളിക്കൊട്ടിലെ സ്ഥിരം പരിപാടിയായതിനാല്‍ ഉദാഹരണം വേണ്ടല്ലൊ എന്നു വിചാരിച്ചു. എന്നാലും പരിചയമില്ലാത്തവര്‍ക്കായി ഒരു ലിങ്ക് നല്‍കിയിട്ടുണ്ട്. ഓര്‍മിപ്പിച്ചതിനു നന്ദി :)

    ReplyDelete
  4. സ്വന്തം ക്രീസിലെ ബാറ്റിങ്ങ് നടക്കട്ടെ:)
    നന്നായി,മനോജ്.
    ചരിത്രത്തിന്റെ കാര്യം പറഞ്ഞത് പ്രധാനമാണ്.മേളപ്രധാനമായ മിക്ക കഥകളും ചിട്ടപ്പെടുത്തിയതു തന്നെ കപ്ലിങ്ങാടാണ്.എന്നാലും മേളം സംഗീതത്തിൽ താണു നിൽക്കണമെന്ന ഉപരിപ്ലവവാദം കപ്ലിങ്ങാടിന്റെ പേറ്റന്റ് എടുത്തുനടക്കുന്നവർ തന്നെ ഉന്നയിക്കുന്നതാണത്ഭുതം:)
    രാവുണ്ണിമേനോനാശാൻ കളരിയിൽ മേളത്തിനുണ്ടായ പരിണാമം വിശദീകരിച്ചതും നന്നായി.കുഴമറിച്ചുകൊട്ടുക എന്ന മറ്റു വാദ്യങ്ങളിലൊന്നിലും കാണാത്ത ചെണ്ടയുടെ വാദനശൈലിയാണ് മനോജ് പറഞ്ഞ വർത്തുളാകൃതിയിലുള്ള മുദ്രാഭാഷയോട് ചെണ്ടമേളത്തെ ഇണക്കിച്ചേർത്തത് എന്നു തോന്നുന്നു.
    മൂത്തമനയുടെ തിരനോക്കിലെ ‘നിറഞ്ഞ മേള’ത്തെപ്പറ്റിയൊക്കെ കൃഷ്ണൻ കുട്ടിപ്പൊതുവാൾ തന്നെ എഴുതിയിട്ടുണ്ടല്ലോ.
    വാസ്തവത്തിൽ,കുട്ടൻ മാരാരുടെ ഉരുളുകോൽ ഭംഗിയോ,അച്ചുണ്ണിപ്പൊതുവാളിന്റെ ഉരുളുകോൽ സിദ്ധിയോ ആ അളവിൽ കൃഷ്ണൻ‌കുട്ടിപ്പൊതുവാൾക്കുണ്ടായിരുന്നുവോ എന്നു സംശയം.അവർക്കാർക്കും ഇല്ലാത്തവിധം കഥകളിബോധം പൊതുവാൾക്കുണ്ടായിരുന്നു എന്നതുതന്നെയാണു പ്രധാനം.സ്ഥാനശുദ്ധിയുടെ അനുപമമായ ചാരുതയും അനുഭവവും വേറെയും.
    മദ്ദളത്തിന്റെ കാര്യത്തിൽ,ചെണ്ടയോടു സമത്തിലോ തിരിച്ചോ വായിക്കുക എന്നതു പോലെത്തന്നെ,മുദ്രക്കോ സംഗീതത്തിനോ കൂടുക എന്നും രണ്ടു വഴി സാധാരണമാണല്ലോ.അപ്പുക്കുട്ടിപ്പൊതുവാളൊക്കെ ചെയ്തിരുന്നപോലെ,ഇടക്കു പഴുതുകളിൽ നിശ്ശബ്ദതകൊണ്ട് മായാജാലം കാണിക്കുന്നതൊക്കെ കാണാനില്ലാതായിരിക്കുന്നു ത്നും.അപൂർവ്വമായി ചെർപ്പുളശ്ശേരി ശിവൻ കൊട്ടുമ്പൊഴേ കാണൂ:)
    ബാക്കി തുടരൻ വായിച്ചിട്ട്:)

    ReplyDelete
  5. ഇവിടെ നല്‍കിയിരിക്കുന്ന ലവണാസുരവധം കഥയിലെ ദൃശ്യത്തില്‍ ഇടഞ്ഞുകൊട്ടല്‍ അത്രയ്ക്ക് പ്രകടമായി വരുന്നുണ്ടോ? ചെണ്ട കൊട്ടിയതിനു ശേഷം, അതേ കാലവട്ടത്തില്‍ മദ്ദളം മാത്രമായി സമാനരീതിയില്‍ കൊട്ടുന്നതല്ലേ ഉദ്ദേശിക്കുന്നത്? അല്ലെങ്കില്‍, തിരുത്തുക. ഇവിടെ മിക്കവാറും മുഴുവന്‍ ഭാഗവും ചെണ്ട തന്നെ കൊട്ടി തീര്‍ത്തിരിക്കുകയല്ലേ? ഇതില്‍ കൂടുതല്‍ ഇടഞ്ഞുകൊട്ടുവാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നു ആ ഭാഗങ്ങളില്‍.

    (ചെണ്ട മാത്രമേ കേള്‍ക്കുവാനുമുള്ളൂ, മദ്ദളം ഉണ്ടോ എന്നു തന്നെ സംശയം! മൈക്ക് പാട്ടുകാര്‍ക്ക് മാത്രം വെയ്ക്കുന്നതിന്റെ പ്രശ്നമാണിത്. മൈക്ക് ശബ്ദം കൂട്ടുവാനല്ല, ആവശ്യാനുസരണം നിയന്ത്രിക്കുവാനുള്ളതാണ് എന്നൊരു വിചാരം കഥകളി അരങ്ങുകള്‍ സജ്ജീകരിക്കുന്നവര്‍ക്കില്ല.)
    മറ്റു ചിലത്:
    • “ഹന്ത! ബാലക...” എന്നു പദം പാടിയ ശേഷമുള്ള ഇളകിയാട്ടം നോക്കിയാല്‍; ‘അതിനെ വേഗം തന്നെ പിടിച്ചു ബന്ധിക്കുക’ (സമയം: 4.10/16.13) എന്നു പറഞ്ഞുള്ള നിര്‍ത്തിന് ചെണ്ട നടനു കൂടിയിട്ടില്ല.
    • “ഹന്ത! ബാലക...” പദം പാടിതുടങ്ങിയതിനു ശേഷം, (സമയം: 05.24/16.13) കൈകൊട്ടി വിളിക്കുമ്പോളും ചെണ്ട കേള്‍ക്കുവാനില്ല.
    • ബ്രാഹ്മണരെത്തിയതിനു ശേഷം (സമയം: 06.00/16.13) ചെണ്ട കൊട്ടലേയില്ല! ജൂനിയര്‍ ആര്‍ട്ടിസ്റ്റാവുമ്പോള്‍ / കഥാപാത്രത്തിന്റെ പ്രാധാന്യം കുറയുമ്പോള്‍ വേണ്ടന്നാവും അല്ലേ? :-) ആ ഭാഗത്തേതായാലും മദ്ദളം അല്പം കേള്‍ക്കുവാനുണ്ട്.
    (വിമര്‍ശനമായൊന്നും എടുക്കണ്ട. കണ്ടപ്പോള്‍ തോന്നിയ അഭിപ്രായങ്ങള്‍ മാത്രം. ഇതൊക്കെ ഇനി എങ്ങിനെയാ വേണ്ടതെന്ന് ഒന്നു കൊട്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ചുറ്റിപ്പോവുകയേയുള്ളൂ! (-:)

    ചരലല്ല പൂവാണ് വിതറുന്നതെന്നു പറഞ്ഞ പട്ടിക്കാംതൊടി ഇന്നത്തെ ചെണ്ടക്കാരനോട് എന്താവും പറയുക? “ഞാന്‍ പൂവിതറിയിരുന്നു, അടുത്ത അരങ്ങില്‍ താങ്കളാണ് കൊട്ടുന്നതെങ്കില്‍ അവിടെ എന്തെങ്കിലുമൊന്ന് കൊട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു.” എന്നാവും, അല്ലേ?

    ലേഖനം നന്നായി. മേളത്തെക്കുറിച്ചിത്രയുമെഴുതിയ ശേഷം, കാട്ടിയ വീഡിയോ അതിലും നന്നായി. കഥകളി മേളത്തിലെ ഇന്നത്തെ കുറവുകളെല്ലാം പ്രകടം! ചെണ്ട ലേഖകനും, മദ്ദളം കലാ. അച്ചുതവാര്യരുമാണെന്നു കരുതുന്നു.
    --

    ReplyDelete
  6. പ്രിയ വി. ശീ., അതെ. മേളവും അഭിനയവും പാട്ടും ചേര്‍ന്നു വരുമ്പോഴത്തെ പ്രശ്നങ്ങള്‍ ‘പ്രതിസന്ധികള്‍’ എന്ന നിലയില്‍ തുടര്‍ന്നുള്ള ഭാഗത്തു ചര്‍ച്ച ചെയ്യാം. കുഴ മറിച്ചുകൊട്ടലിനെക്കുറിച്ച് ഓര്‍മിപ്പിച്ചതു നന്നായി. ‘ഉരുളുകൈ’ എന്ന സംഗതിതന്നെ ആ കുഴമറിച്ചുകൊട്ടലിന്റെ ഫലമാണല്ലൊ.
    കഥകളിമേളത്തില്‍ രണ്ടു ഘടകങ്ങളുടെ ഏറ്റക്കുറച്ചില്‍ ഉള്ളതായി തോന്നാറുണ്ട്. ഒന്ന് നാദശുദ്ധി, സാധകം, മറ്റു വാദ്യങ്ങളുമായുള്ള സംയോജനം തുടങ്ങിയ വാദ്യപ്രധാനമായ കാര്യം. മറ്റൊന്നു കൈക്കും മെയ്ക്കും മുഖാഭിനയത്തിനും, കഥാസന്ദര്‍ഭത്തിന്റെ അന്തരീക്ഷനിര്‍മിതിക്കും ഒക്കെ കൂടുന്നതിലെ കഥകളിപ്രധാനമായ കാര്യം. ഇവയുടെ ഘടകങ്ങള്‍ പല കലാകാരന്മാരിലും ഏറിയും കുറഞ്ഞും കാണാം. ഉദാഹരണങ്ങള്‍ ഊഹിക്കാമല്ലൊ :)

    ഹരീ,
    സമകാലിക കഥകളിമേളത്തിന്റെ ‘ഉദാത്തമാതൃക’ എന്ന തരത്തിലല്ല, വട്ടംവച്ചുകലാശത്തില്‍ വരുന്ന ഇടഞ്ഞുകൊട്ടലിന്റെ ലളിതമായ ഉദാഹരണം എന്ന നിലയ്ക്കാണ് ആ വീഡിയോ ചേര്‍ത്തത്.
    ‘ഇടഞ്ഞുകൊട്ടല്‍’ എന്താണെന്നു പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്. കൂടുതല്‍ വേണമെങ്കില്‍ പറയാം:
    ആ വീഡിയോയിലെ വട്ടംവച്ചുകലാശംതന്നെ നോക്കുക: അതില്‍ ആദ്യത്തെ ചുവടുകള്‍ക്ക് മദ്ദളം താളത്തിനു സമമായി ‘ധീം, ധീം’ എന്നു താളത്തിനു സമമായി കൊട്ടുമ്പോള്‍ ചെണ്ട ‘അഡിഡിക, അഡിഡിക’ എന്നിങ്ങനെ താളത്തോടിടയുന്നു. ഇതിലെ ‘അ’ എന്നത് ചെണ്ടയില്‍ കൊട്ടുന്നില്ല. അതു മദ്ദളത്തിന്റെ ‘ധീം’ എന്ന ശബ്ദത്തിന്റെ സ്ഥനമാണ്. തുടര്‍ന്നുള്ള ചുവടുകളില്‍ ചെണ്ട ‘ഡികി ഡികി ഡികി’ എന്നു നേര്‍കോലായി താളത്തിനു സമമാകുന്നു. അപ്പോള്‍ മദ്ദളം താളത്തോടിടയുന്നു. ഇങ്ങനെ കഥകളിക്കൊട്ടിലാകെത്തന്നെ, ചെണ്ടയും മദ്ദളവും ഇടഞ്ഞുകൊട്ടുന്നതിന്റെ ഉദാഹരണങ്ങളാണ് കൂടുതല്‍. സമത്തിനു കൊട്ടുന്നതുതന്നെ അപൂര്‍വമാണ്.
    ചെണ്ടക്കാരനെ സംബന്ധിച്ച് താങ്കളുടെ ഊഹം ശരിയാണ്. മദ്ദളം കലാമണ്ഡലം പ്രകാശന്‍. (വീഡിയോയുടെ വിശദാംശങ്ങളില്‍ ഇവ നല്‍കിയിട്ടുണ്ട്.) സമകാലികകഥകളിമേളത്തിന്റെ കുറവുകളെല്ലാം താങ്കള്‍തന്നെ തീരുമാനിച്ച സ്ഥിതിക്ക് ഇനി എന്തു പറയാനാണ്? പക്ഷേ ‘സമകാലികത’യാണുദ്ദേശിക്കുന്നതെങ്കില്‍ ഞാന്‍ കൊട്ടുന്നതിന്റെ ഉദാഹരണം അപര്യാപ്തമാണ്. ഇവിടെ ഉദ്ദേശിച്ചത് ഇടഞ്ഞുകൊട്ടലിന്റെ ഉദാഹരണം മാത്രമാണെന്നു പറഞ്ഞുകഴിഞ്ഞല്ലൊ. കൊട്ടിക്കാണിക്കാന്‍ ഏതായാലും ‘താങ്കളോട്’ പറയില്ല:)

    പിന്നെ സ്വന്തം കൊട്ടിനെക്കുറിച്ച് ഞാന്‍ ഈ പോസ്റ്റില്‍ നിവൃത്തിയുണ്ടെങ്കില്‍ പറയാനുദ്ദേശിക്കുന്നില്ല. ആ വീഡിയോ ലിങ്ക് മാറ്റുന്നുമില്ല.

    ReplyDelete
  7. ഹരീ,
    ആ വസ്തുത വാക്കിൽ തന്നെ ബോധ്യായോണ്ട്,ലിങ്കിപ്പോയി നോക്കിയില്ല.ഇപ്പൊഴാ നോക്കിയത്.അവിടെ സമത്തിലേ കൊട്ടുന്നില്ലല്ലോ?എന്താ ഹരീ സമത്തിൽ കണ്ടത്?
    (തർക്കിക്കുകയല്ലേ,യുദ്ധവട്ടം വയ്യ.സംശയം ചോദിച്ചൂന്നേയുള്ളൂ:)
    ബാക്കി നല്ല രസായിട്ടുണ്ട്.മനോജിന്റെ മറുപടിയും:):):):)

    ReplyDelete
  8. കഥകളിമേളം എന്ന വിശാലസംജ്ഞ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട്,ചരിത്രാപഗ്രഥനം കുറച്ചുകൂടി സമഗ്രമാവാമായിരുന്നു എന്നു തോന്നുന്നു,വീണ്ടും വായിക്കുമ്പോൾ.ആദ്യകാലത്തെപ്പറ്റിയുള്ള ഏറ്റവും ചർച്ചചെയ്യപ്പെട്ട സൂചനയായ നമ്പ്യാരുടെ ഹരിണീസ്വയംവരത്തിലെ വരികളെ എങ്ങനെ കാണാം തുടങ്ങിയവ.അവിടെ ചെണ്ടകാണാനില്ലല്ലോ.മദ്ദളക്കാരനുണ്ട്.“കൊട്ടുതപ്പും കുഴൽക്കാരനും തംബുരു ഘട്യവാദ്യം-കുഴൽക്കാരൻ-ഘട്യവാദ്യം-ഒന്നും ഡോ.വേണുഗോപാലും സൂ‍പ്രണ്ടും “അഭ്യൂഹശാസ്ത്രം:)വെച്ച് കളിക്കുന്ന കളികളിൽ ഒതുങ്ങിക്കിട്ടുന്നില്ലല്ലോ.
    “തൊപ്പി മുമ്പായിരിക്കേണം
    ചൊല്ലിയാട്ടം തുടങ്ങിയാൽ
    ഘോരവേഷം വരുന്നേരം
    മുമ്പു ശുദ്ധന്നു കഥ്യതേ”
    എന്ന അജ്ഞാനകർതൃശ്ലോകം,തൊപ്പി-ശുദ്ധ മദ്ദളങ്ങൾ സവിശേഷസന്ദർഭങ്ങളിൽ മാറിയുപയോഗിക്കുന്ന വിധം രാമനാട്ടത്തിൽ ഉണ്ടായിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നുണ്ട്.ആവർത്തിച്ചുവരുന്ന ചമ്പയിലെ യുദ്ധവട്ടങ്ങളിൽ,കൃഷ്ണനാട്ടത്തിൽ മദ്ദളമുപയോഗിക്കുന്നത് നിരീക്ഷിക്കേണ്ട കാര്യമാണ്.
    നൃത്യവാദ്യങ്ങളുടെ തൌര്യത്രികാവസ്ഥ തീർച്ചയായും കപ്ലിങ്ങാടിനു ശേഷമുണ്ടായ പുരോഗതിയാവാനേ തരമുള്ളൂ.അതിന് ഇത്രമേൽ സൂക്ഷ്മമായ മാനം രാവുണ്ണിമേനോൻ കളരിയിലെത്തിയപ്പോഴാവണം നിർമ്മിതമായതും.മണികണ്ഠം മറിഞ്ഞുകൊട്ടുക എന്ന ധർമ്മം ചെണ്ടയിൽ ഉരുവം കൊണ്ടില്ലായിരുന്നെങ്കിൽ,നമ്മുടെ വാദ്യലോകവും കഥകളിയുമെല്ലാം എന്താകുമായിരുന്നു എന്നു ചിന്തിക്കവയ്യ:)

    ReplyDelete
  9. ബലെ മനോജ്‌. നല്ലൊരു attempt ആണു.
    എന്നാൽ എന്റെ ചില അഭിപ്രയങ്ങൾ പറയട്ടെ.
    തൗര്യത്രികത്തിലെ ഘടകങ്ങളേകൊണ്ടാണു കഥകളിയരങ്ങത്ത്‌ രസപോഷണം നടക്കുന്നത്‌. വേറൊരുതരത്തിൽ പറയുകയാണെങ്കിൽ ആട്ടം, കൊട്ട്‌, പാട്ട്‌ എന്നിവ അതാതിന്റെ നിലയ്ക്ക്‌ നന്നാവുകയും, അതു കാരണം ഇവ മൂന്നിന്റേയും സമഞ്ജസമയ കൂടിച്ചെരൽകൊണ്ടുണ്ടാവുന്ന മറ്റൊരുനന്നവലും ചേരുമ്പോഴണു കഥകളി നന്നവുന്നത്‌. ചെണ്ട കൊട്ട്‌ നന്നവുന്നതിന്ന് ചിലകണക്കുണ്ട്‌ അതുപ്രകാരം നന്നാവണം. ഒട്ടും കലക്കമില്ലാതെ ചെണ്ട വലിച്ച്‌ മൂപ്പിച്ചെടുക്കുക, ചെണ്ടയുടെ തലകളിൽ രണ്ട്‌ കയ്യിന്റേയും സ്ഥാനങ്ങൾ കൃത്ത്യമയി തിരിച്ചറിഞ്ഞ്‌, ആക്കം ഊക്ക്‌ എന്നിവ വേണ്ടതുപോലെ നിയൻത്രിച്ച്‌ ഏറ്റവും ശ്രുതിശുദ്ധിയോടെ നാദം പുറപ്പെടുവിയ്ക്കുക, ഏറ്റിചുരുക്കൽ, കൊട്ടികൂർപ്പിയ്ക്കൽ മുതലായ തൻത്രങ്ങൾ സമർത്ഥമയി പ്രയോഗിയ്ക്കുക എന്നിവയൊക്കെയണല്ലൊ ഒരു ചെണ്ടക്കരന്റെ ധർമ്മം. അതു വൃത്തിയയിചെയ്യുക. അതുപോലെ പാട്ടുകാരനും, വേഷക്കാരനും അവനവന്റെധർമ്മം കൃത്ത്യമായി നിർവ്വഹിയ്ക്കുക. എന്നുവരുമ്പോൾ ഇവയുടെ ആ കൂടിച്ചേർച്ചയിൽനിന്ന് സൃഷ്ടിയ്ക്കപ്പെടുന്നതാണു കഥകളി. അപ്പോൾ ഒരു ചെണ്ടക്കരൻ കഥകളിയരങ്ങത്ത്‌ ചെയ്യേണ്ടത്‌ എൻതാണെന്നുവെച്ചാൽ, വൃത്തിയായി ചെണ്ടകൊട്ടുക എന്നതുതന്നേയാണു. ചെണ്ടയുടെ ശബ്ദം ഏറ്റവും ശ്രുതിശിദ്ധിയോടെ കേൾപ്പിയ്ക്കുകയന്നർത്ഥം. കോട്ടയ്ക്കൽ കുട്ടൻ മരാരുടെ "ബാണി" എന്നു പറഞ്ഞാൽ ഇതുതന്നെയാണു. ഇതിന്നുപോൽബലകമയി നിരവധി സന്ദർഭങ്ങൾ പറയാവുന്നതാണു. കോട്ടയ്ക്കൽ കൃഷ്ണങ്കുട്ടി നയരാശാൻ ഒന്നാംതരം സഹൃദയനാണു. കൊട്ട്‌, പാട്ട്‌ മുതലായവയും നന്നയി ആസ്വദിയ്ക്കുന്നവനണു അദ്ദേഹം. തന്റെ സ്വൻതം ഭാഗങ്ങൾ ഒഴിവാക്കിപോലും കൊട്ടുകാർക്കും, പട്ടുകർക്കും ധരാളം അവസരങ്ങൾ കൊടുക്കുന്ന പതിവുണ്ട്‌ അദ്ദേഹത്തിന്ന്. നാട്യസംഘത്തിന്റെ സ്വൻതം കഥയായ കുമാരസംഭവത്തിൽ, അദ്ദേഹത്തിന്റെ വെഷം താരകാസുരനാണു. നരകാസുരന്റെ അതേ ചടങ്ങുകളാണു താരകാസുരന്നും. ക്കൃഷ്ണൻ കുട്ടി നായരാകട്ടെ പതിഞ്ഞപദവും മറ്റും വേണ്ടതുമത്രം ചെയ്ത്‌ ('കവിളിയ്ക്കും' എന്നല്ല പറഞ്ഞത്‌), ശബ്ദവർണ്ണന, പടപുറപ്പട്‌ മുതലായവ വളരേ വിസ്തരിച്ച്‌ കാണിയ്ക്കുക പതിവുണ്ടായിരുന്നു. അതിന്ന് കുട്ടൻ മാരരുടെ കൂടെ മദ്ദളത്തിന്ന് പാലൂർ അച്ചുതൻ നായരാണുണ്ടാവുക. അദ്ദേഹവും കുട്ടൻ മറരെ പോലെ ഉയർന്ന യൻത്രബോധവും, ശ്രുതിശുദ്ധിയും ഉള്ള മദ്ദളക്കരനയിരുന്നു എന്ന് മനോജിനോട്‌ പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലൊ. അവർ രണ്ടുപേരുംകൂടി ആ രംഗം പൊലിപ്പിച്ചെടുക്കുന്നത്‌ കാണേണ്ടതുതന്നേയാണു. പടപുറപ്പാടിന്റെ സമയത്തൊക്കെ ഏറ്റിച്ചുരുക്കുക എന്ന തൻത്രം വളരെ മനോഹരമയി അവർ നിർവ്വഹിയ്ക്കുന്നത്‌ കാണാം. കൂട്ടത്തിൽ മദ്ദളവും ചെണ്ടയും തമ്മിൽ ചേരുണതിന്റെ മിടുക്കുകൂടിയകുമ്പോൾ അതൊരു വല്ലാത്ത അനുഭവമകുന്നു എന്നുമാത്രം പറഞ്ഞു നിർത്തട്ടെ. അവസ്സാനം നമ്മുക്കുണ്ടാകുന്നത്‌ നല്ലൊരു കഥകളികണ്ടാലുണ്ടാകുന്ന ആനുഭവമാണു.
    ക്കുട്ടൻ മാരാരുടെ പ്രത്യേകതയും അതണു. ചെണ്ട വൃത്തിയയി പ്രയോഗിയ്ക്കാൻ കിട്ടുന്ന ഒരവസരവും അദ്ദേഹം ഒഴിവക്കുകയില്ല. അതിനാൽ പല വേഷക്കർക്കും അദ്ദേഹത്തോട്‌ സഹകരിയ്ക്കാൻ വൈമുഖ്യമുണ്ടയിരുന്നു എന്നു കേട്ടിട്ടുണ്ട്‌.
    ചുരുക്കത്തിൽ കഥകളിമേളത്തേ കുറിച്ചുള്ള എന്റെ അഭിപ്രായം, കഥകളിയരങ്ങത്തെ ചെണ്ടയിൽനിന്ന് ഒരു കുതിര കുളമ്പടിയുടേയോ, മനുഷ്യന്റെ കൂർക്കംവലിയുടേയോ ശബ്ദം കാൾക്കുന്നതിനേക്കാൾ എനിയ്ക്കിഷ്ടം ശ്രുതിശുദ്ധിയോടെയുള്ള ശരിയായ ചെണ്ടയുടെ ശബ്ദം കാൾക്കുന്നതാണു. എന്നാൽ ഏറ്റവും സൻതോഷമിണ്ടാകുന്ന ഒരു വസ്തുത എന്താണെന്നുവെച്ചാൽ, ഇന്ന് കഥകളിയരങ്ങത്ത്‌ "കുട്ടൻ മാരാർ ബാണി"യ്ക്കുള്ള സ്ഥാനം വളരെ വലുതാണു. മനോജിന്ന് എൻതുതോന്നുന്നു.
    ഇതു പറയുമ്പോൾ ചില വിശദീകരണങ്ങൾ വേണമെന്ന് തോന്നുന്നു. ഞാൻ കലാമണ്ഡലം കൃഷ്ണൻ കുട്ടിപൊതുവാളേ ഒട്ടും തരം താഴ്ത്തി കാണുന്നില്ല. അദ്ദേഹം ഏറ്റവും ശ്രുതിശുദ്ധിയും യൻത്രബോധവുമുള്ള ഛെണ്ടക്കരനാണു എന്ന് അദ്ദേഹത്തിന്റെ ഉത്ഭവത്തിലേയും നരകസുരവധത്തിലേയും കൊട്ടുകേട്ടാൽ മനസ്സിലാവും. ആവക കഥകളിലൊന്നും അദ്ദേഹം തന്റെ ചെണ്ടയിൽ നിന്ന് മുൻസൂചിപ്പിച്ച ശബ്ദങ്ങൾ ഉണ്ടാക്കാൻ ശ്രമിയ്ക്കാറില. മാത്രമല്ല പൊതുവാളേ ഒരു കഥകളിചെണ്ടക്കാരൻ മാത്രമയി കണരുത്‌ എന്നാണു എന്റെ അഭിപ്രയം അദ്ദേഹം സർവ്വാംഗം ഒരു കഥകളിക്കാരനാണു.
    മാധവൻ കുട്ടി

    ReplyDelete
  10. ഇടഞ്ഞുകൊട്ടല്‍ എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് മറ്റൊന്നാണ്. ചെണ്ടയും മദ്ദളവും ഇടവിട്ട് (തനിയാവര്‍ത്തനം പോലെ) കൊട്ടുന്നതാണ് (ഇങ്ങിനെ കൊട്ടുന്നതിന്റെ ഒരു ചെറുപതിപ്പ് ഇവിടെ കാണാം; സമയം: 1.12/16.13) എന്ന ധാരണയിലാണ് മുകളിലത്തെ കമന്റെഴുതിയത്. (അപ്പോള്‍ ഇങ്ങിനെ കൊട്ടുന്നതിന് എന്താണ് പറയുക?) പോസ്റ്റിലെ വരിയില്‍ തന്നെ ഈ പറഞ്ഞ കാര്യം വ്യക്തമാണ്. പക്ഷെ ബ്രാക്കറ്റില്‍ ലിങ്ക് നല്‍കിയ വാചകം (ചെണ്ടയും മദ്ദളവും ഇടഞ്ഞുകൊട്ടുന്നത് കഥകളിയിലെ...) വായിച്ചപ്പോള്‍ പെട്ടെന്ന് മനസില്‍ വന്നത് ചെണ്ടയും മദ്ദളവും ഇടയുന്നു എന്നാണ്. താളവുമായിട്ടാണ് അവ മാറിമാറിയിടയുന്നതെന്ന് തൊട്ടുമുന്‍പിലെ വരിയില്‍ പറഞ്ഞത് മനസില്‍ നിന്നില്ല. ക്ഷമിക്കുക. :-)

    വീഡിയോയുടെ വിശദാംശങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. (ഇപ്പോള്‍ ശ്രദ്ധിച്ചപ്പോള്‍ ശിങ്കിടി, വേഷക്കാര്‍ എന്നിവരുടെ പേരുകളില്ലല്ലോ!) ചെണ്ട കൈക്കുകൂടുന്നില്ല എന്ന് ആസ്വാദനത്തിലെഴുതുന്നത്, മുന്‍പിലെ കമന്റില്‍ ചൂണ്ടിക്കാണിച്ചതുപോലെയുള്ള കുറവുകള്‍ പലതവണ കാണുമ്പോഴാണ്. കണ്ടുനോക്കുവാന്‍ അവസരമുള്ളപ്പോള്‍, ഞാനെഴുതുന്നതില്‍ പിശകുണ്ടോ എന്ന് ആര്‍ക്കും പരിശോധിക്കുകയും, തെറ്റു തിരുത്തി തരികയും ചെയ്യാമല്ലോ... അത്രയുമേ ഉദ്ദേശിച്ചുള്ളൂ. :-)

    @ വികടശിരോമണി,
    സമത്തില്‍ കൊട്ടുന്നില്ല. വായിച്ചു ഞാന്‍ മനസിലാക്കിയത് മാറിപ്പോയതാണ്. ക്ഷമിക്കൂ... :-)
    --

    ReplyDelete
  11. chaal..nannayi
    I am so eagar to read, how would you analize the present day chenda artists

    ReplyDelete
  12. ആലോചനാമൃതമായ ഒരു കമന്റായി മുകളിൽ മാധവൻ‌കുട്ടിയേട്ടന്റേത്.
    കഥകളിമേളത്തിനായാലും മര്യാദയ്ക്ക് ‘കൊട്ടുക’എന്നതു തന്നെയാണ് വാദകധർമ്മം എന്ന ഏട്ടന്റെ പക്ഷം,യുക്തമായ ഉദാഹരണത്തിലൂടെ ശരിയെന്നു ബോധ്യപ്പെടുത്തിയിരിക്കുന്നു.
    മൂന്നു ‘നം’എന്നു പറയാല്ലോ,കേരളീയവാദനത്തിൽ പ്രധാനായിട്ട്.
    സ്ഥാനം,കനം,മനം.
    സ്ഥാനത്തിനും കനത്തിനുമാണോ ഇതിലപ്പുറം മനത്തിനാണോ പ്രാധാന്യം വേണ്ടത് എന്ന ചോദ്യം എല്ലാക്കാലത്തും ഉണ്ടായിരുന്നതാണെന്നു തോന്നുന്നു.കൊടുങ്ങല്ലൂർ സംയോഗമെന്ന(മനോജിന്റെ ഭാഷയിൽ പ്രലോഭനം:)നാട്യബന്ധത്തിനുശേഷം രാവുണ്ണിമേനോനിൽ വന്ന മാറ്റങ്ങൾ മനപ്രധാനമായ മേളം എന്ന സ്ഥിതി സൃഷ്ടിച്ചിട്ടുണ്ട്.അതിന്റെ അതിവായനകളിൽ പലപ്പോഴും കഥകളിമേളത്തിലുള്ള ശുദ്ധനാദങ്ങളെ കേൾക്കാതാക്കിയിട്ടുമുണ്ട്.
    കഥകളിമേളത്തിനു പുറത്തും അതു വ്യാപിച്ചിട്ടുമുണ്ടെന്നു തോന്നുന്നു.

    ReplyDelete
  13. പ്രിയ വി.ശീ., സത്യത്തില്‍ പട്ടിക്കാന്തൊടിക്കളരിയില്‍ സംഭവിച്ച വികസനം സൂചിപ്പിച്ച് കോട്ടയം കഥകളുടെ അടിസ്ഥാനത്തില്‍ കഥകളിമേളത്തിലെ ചില പ്രധാനപ്രശ്നങ്ങള്‍ അവതരിപ്പിക്കുകയെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. പിന്നെ ഒരു ലഘുചരിത്രം കൂടിയാവാമെന്നു വിചാരിച്ചു. അതെഴുതിവന്നപ്പോള്‍ ഒരു ഘട്ടം അവസാനിക്കുന്നതായി തോന്നി. അങ്ങനെ അതൊരു പോസ്റ്റായി! കഥകളിയിലേക്കു ചെണ്ടയുടെ വരവിനെക്കുറിച്ച് കുറച്ചുകൂടിയെഴുതണമെന്നുണ്ടായിരുന്നു. പ്രത്യേകിച്ച്, കേരളത്തിലെ മറ്റൊരു ക്ലാസ്സിക്കല്‍ കലകളിലുമില്ലാത്ത അതിന്റെ സാന്നിധ്യം, നാടന്‍‌കലകളിലാണെങ്കില്‍ മലവേടന്‍ നൃത്തം മുതല്‍ സംഘക്കളി വരെയുള്ള അതിന്റെ വൈവിധ്യമാര്‍ന്ന പ്രയോഗരീതികള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍. അപ്പോഴും പ്രശ്നം. കാരണം ഈ കലകളൊക്കെ ഉണ്ടായ കാലത്തെക്കുറിച്ച് വ്യക്തമായ യാതൊരു രൂപവുമില്ല. ചെണ്ടയുടെ വരവിനെപ്പറ്റിയുള്ള കാലത്തെക്കുറിച്ച് നമുക്ക് എന്താണു തെളിവായി സ്വീകരിക്കാന്‍ കഴിയുക? താങ്കള്‍ സൂചിപ്പിച്ച ‘അഭ്യൂഹശാസ്ത്ര’മല്ലാതെ മറ്റു വഴിയില്ലല്ലൊ.
    ‘ശുദ്ധന്‍ വലത്തു ന്‍ല്‍ക്കേണം
    ................
    മുന്‍പു ശുദ്ധന്നു കഥ്യതേ,
    എന്ന ശ്ലോകദ്വയം ഏതു കാലത്തേതാണെന്നോ ഏതു കലയെക്കുറിച്ചാണെന്നോ ‘രംഗപാഠചരിത്ര’ത്തിലും ലഭ്യമല്ലല്ലൊ. ഹരിണീസ്വയംവരം, കൃഷ്ണലീല തുടങ്ങിയ തുള്ളലുകളില്‍ കാണുന്ന ‘തപ്പും കുഴലും തംബുരുവും ഘട്ടിവാദ്യവും’ ഒക്കെ ഉപയോഗിക്കുന്ന കലയേതാണാവോ? അതില്‍ ‘പല മദ്ദളക്കാരരും’ എന്നു കാണുന്നുണ്ടുതാനും. ‘മദ്ദളം’ ഒരു വാദ്യത്തിന്റെ പേരായിരിക്കെത്തന്നെ ‘തുകല്‍‌വാദ്യവിഭാഗ’ത്തെയാകെ പ്രതിനിധീകരിക്കുന്ന വാക്കായും കണ്ടിട്ടുണ്ട്. എന്റെ കൈയിലുള്ള ‘മത്തളവിയല്‍’ എന്ന തമിഴ് ഗ്രന്ഥം തന്നെ ഉദാഹരണം. അതില്‍ പറയുന്ന സംഗതികള്‍ മിക്കതും മൃദംഗത്തിനും മദ്ദളത്തിനും ഒരുപോലെ ബാധകമാണ്. ‘മൃദംഗം’ എന്ന വാക്ക് അതില്‍ കാണാന്‍ കഴിഞ്ഞില്ല എന്നതാണ് അതിലും ആശ്ചര്യകരമായ കാര്യം. ചെണ്ട, പറ, തകില്‍ എന്നിങ്ങനെയൊക്കെ പല പേരുകള്‍ ചെണ്ടയുടെ വിഭാഗത്തില്‍പ്പെടുത്താവുന്ന ചില വാദ്യങ്ങള്‍ക്ക് നാടന്‍‌കലാകാരന്മാരും ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ വാദ്യങ്ങളുടെ പേരുകൊണ്ടുപോലും ഉദ്ദേശിക്കുന്നതെന്തെന്ന് നമുക്ക് ഇന്നു വ്യക്തമല്ല. ചെണ്ടയെക്കുറിച്ച് ‘ചെണ്ട’ എന്നുതന്നെ ഘോഷയാത്രയില്‍ നമ്പ്യാര്‍ പറഞ്ഞിട്ടുള്ളത് വിസ്മരിക്കുന്നില്ല. എന്നാലും അതു കഥകളിക്ക് ഉപയോഗിച്ചിരുന്നോ എന്നു മനസ്സിലാകുന്നില്ല. ആകെ കണ്‍ഫ്യൂഷന്‍! അതുകൊണ്ട് ആ അഭ്യൂഹശാസ്ത്രത്തെ തല്‍ക്കാലം മാറ്റിവച്ച് പല കാര്യങ്ങള്‍ക്കുമെന്നപോലെ കഥകളിരംഗത്തെ സ്വീകരിച്ചു. ശരിയാണെന്നുറപ്പുള്ളതുകൊണ്ടല്ല. അദ്ദേഹം പറഞ്ഞതായി ഉദ്ധരിക്കുകയേ ചെയ്തുള്ളൂ. ഒരുറപ്പുമില്ലാതെ, വലിയ സംശയങ്ങളുണ്ടാക്കുന്ന കാര്യങ്ങളിലേക്ക് മന:പൂര്‍വം കടക്കേണ്ട എന്നു വിചാരിച്ചു. എങ്കിലും താങ്കള്‍ സൂചിപ്പിച്ചതു നന്നായി. പ്രാചീനരേഖകളുമായി ബന്ധമുള്ള ആരെങ്കിലും ഏതെങ്കിലും തരത്തില്‍ അനേഷിച്ചാല്‍ എന്തെങ്കിലും കിട്ടിയേക്കും. ഇതിനെക്കുറിച്ചും ചര്‍ച്ചകള്‍ വരട്ടെ. ല്ലേ?

    ReplyDelete
  14. പ്രിയ മാധവന്‍‌കുട്ടിയേട്ടാ, ഇതെഴുതിയപ്പോള്‍ ഒരു കുസൃതി തോന്നിയിരുന്നു. കുട്ടന്‍‌മാരാരാശാനെക്കുറിച്ച് കൂടുതല്‍ പറയാനുള്ള സ്ഥലം ഒഴിച്ചിടുക! കാരണം എനിക്കു പരിചയമുള്ളതിനെക്കാള്‍ എത്രയോ കൂടുതല്‍ താങ്കള്‍ക്കു പറയാനുണ്ടാവും! പൊതുവാളാശാനെക്കുറിച്ചാണെങ്കില്‍ എനിക്ക് അത്ര ബുദ്ധിമുട്ടില്ല. ഓര്‍മ വച്ചപ്പോള്‍ മുതല്‍‌ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണല്ലൊ. പക്ഷേ വിട്ടുപോകരുതാത്ത ഒരു പേരു വിട്ടുപോയതില്‍ ക്ഷമ ചോദിക്കുന്നു. പാലൂര്‍ അച്ചുതന്‍ നായരുടേത്. തൊട്ടുപിന്നാലേ ചാലക്കുടി നാരായണന്‍ നമ്പീശനെയും ഓര്‍ക്കുന്നു. അവിടെയും പരിചയക്കൂടുതല്‍ നാരായണന്‍ നമ്പീശനാശാനെത്തന്നെ. പാലൂര്‍ അച്ചുതന്‍ നായരെക്കുറിച്ചു കൂടുതല്‍ എഴുതുമോ? കുട്ടന്‍ മാരാര്‍, പാലൂര്‍ അച്ചുതന്‍ നായര്‍ എന്നിവരെ ചേര്‍ത്ത് ഒരു പോസ്റ്റ് ആക്കിയാല്‍ ഏറെ നന്ന്.

    താങ്കള്‍ പറഞ്ഞതു ശരിയാണ്. തൌര്യത്രികത്തില്‍ ഓരോന്നും നന്നായാലേ കളി നന്നാവുകയുള്ളൂ. ഇന്നു പ്രബലമായ ‘കുട്ടന്‍‌ മാരാര്‍ ബാണി’യെക്കുറിച്ചു പറഞ്ഞതിനോടും യോജിക്കുന്നു; അവരില്‍ പലര്‍ക്കും ഒരു പൊതുവാള്‍സ്പര്‍ശംകൂടിയുണ്ടെങ്കിലും. കുട്ടന്‍‌മാരാരാശാനു തന്റെ കലാപദ്ധതി ഏറെക്കുറേ സ്വതന്ത്രമായി നടപ്പാക്കാനുള്ള സാധ്യത നാട്യസംഘത്തില്‍ ഉണ്ടായിരുന്നല്ലൊ. ‘മറ്റു ചില കലാകാരന്മാര്‍ക്കുണ്ടായിരുന്ന വിമുഖതയും’ ഒപ്പം അദ്ദേഹത്തിനു മറ്റു ചില കലാകാരന്മാരോടുള്ള വിമുഖതയും ഓര്‍മ്മ വരുന്നു. ഒരുദാഹരണം പറയുന്നതില്‍ ക്ഷമിക്കുക. 1985-ല്‍ എണ്ണം പറഞ്ഞ അന്നത്തെ പ്രമുഖകലാകാരന്മാരെല്ലാമുള്ള ഒരു കളിക്ക് കുട്ടന്‍‌മാരാരാശാന്‍, ‘ഞാന്‍ മേളപ്പദം മാത്രം കൊട്ടിക്കൊള്ളാം’ എന്നു പറയുകയും അങ്ങനെതന്നെ ആ കളിക്കു കൂടുകയുമാണു ചെയ്തത്. എന്നാല്‍ പൊതുവാളാശാന്‍ കലാമണ്ഡലത്തിലെ കലാകാരന്മാരോടൊത്തുള്ള കളികള്‍ക്കുപുറമേ, പുറംകളികളിലൂടെ അന്നുള്ള എല്ലാ പ്രധാനനടന്മാര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കേണ്ടിവന്ന കലാകാരനാണ്. അതിന്റെ സാദ്ധ്യതയും പരിമിതിയും അദ്ദേഹത്തിലുണ്ടായിരുന്നു എന്നു തോന്നുന്നു. അരങ്ങത്തുവച്ച് അപ്പോള്‍ കാണുന്നതിനൊപ്പം കൂടുകയെന്നത് ഒരു തരത്തില്‍ വി. ശി. പറഞ്ഞ ആ ‘മന’ത്തിന്റെ സാധ്യത വെളിവാക്കുന്നു. ആ പ്രക്രിയ അനായാസമാക്കുന്നതിന് അത്തരം അനുഭവങ്ങള്‍ക്കു പങ്കുണ്ട്. സ്വന്തമായ കലാസങ്കല്പത്തെ പരിമിതപ്പെടുത്തേണ്ടി വരുന്നതാണ് ഇതിന്റെ മറുവശം. ഈ സംഘര്‍ഷം പൊതുവാളാശാന്റെ കൊട്ടില്‍- കലാചിന്തകളിലാകെത്തന്നെ- പലപ്പോഴും കണ്ടിട്ടുണ്ടല്ലൊ. പക്ഷേ ആദര്‍ശാത്മകമായ കഥകളിമേളസങ്കല്പം താങ്കള്‍ പറഞ്ഞതുതന്നെ. നടന്മാരും മേളക്കാരും പരസ്പരം മനസ്സിലാക്കുകയും പരസ്പരം അനുസരിക്കുകയും ചെയ്യുമ്പോള്‍ കളിക്കുണ്ടാകുന്ന ഊര്‍ജ്ജവും ഹരവും ഒന്നു വേറെതന്നെ. അതു കുട്ടന്‍‌മാരാരാശാനു സ്വന്തം തട്ടകത്തില്‍ ചെയ്യാനായതും താങ്കളെപ്പോലുള്ളവര്‍ക്ക് അത് അനുഭവിക്കാനായതും വലിയ സൌഭാഗ്യമാണ്. അതു ചെയ്യാനാവാത്ത, അസാമാന്യമായ സാധകബലവും നാദശുദ്ധിയും കൈമുതലായുള്ള സമകാലികരായ ചില മേളക്കാരെയും ഓര്‍മ വരുന്നു. മറ്റൊരു വിധമായിരുന്നെങ്കില്‍ എന്നു തോന്നുന്നു. പറഞ്ഞുപറഞ്ഞു കാടു കയറുന്നു. ആചാര്യന്മാരായവരെക്കുറിച്ചായതുകൊണ്ടാവാം, കൃത്യമായി പറയാനാവുന്നില്ലല്ലൊ :(

    ReplyDelete
  15. ഹരീ, കുറച്ചുകാലം മുന്‍പത്തെ വീഡിയോ ആണ്. കുടമാളൂര്‍ മുരളീകൃഷ്ണനും കലാകേന്ദ്രം മനുകുമാറുമാണ് ലവകുശന്മാര്‍. ബ്രാഹ്മണക്കുട്ടികളില്‍ ഒന്ന് കലാകേന്ദ്രം ഹരീഷ്. മറ്റത് ഓര്‍മയില്ല. ജൂണിയര്‍ ആര്‍ട്ടിസ്റ്റ് ആയതുകൊണ്ടാവാം.
    പാട്ട് കോട്ടയ്ക്കല്‍ നാരായണന്‍, വേങ്ങേരി നാരായണന്‍ നമ്പൂതിരി. ചെണ്ടക്കാരനെ പറഞ്ഞിട്ടു കാര്യമില്ല. ഒന്നാമതു പറഞ്ഞാല്‍ മനസ്സിലാവില്ല. പിന്നെ അടുത്ത കളിക്ക് എങ്ങനെ കൊട്ടുമെന്നു യാതൊരു ഉറപ്പുമില്ല. എന്തുചെയ്യാം! ക്ഷമിക്കുമല്ലൊ.
    മദ്ദളക്കാരനെക്കുറിച്ച് എനിക്കു പറയാതിരിക്കാനാവില്ല. ഇപ്പോഴും മികച്ച കലാകാരനാണ് കലാമണ്ഡലം പ്രകാശന്‍.

    ‘കഥകളിമൂഷികാ’, എടോ രതീഷേ(അല്ലെങ്കില്‍ ക്ഷമിക്കണേ), മെക്സിക്കോയിലെ മാളത്തിലൊളിച്ചിരിക്കാതെ പുറത്തുവരൂ. സമകാലികരെക്കുറിച്ച് എന്തെങ്കിലും പറയുന്നതു കേട്ടിട്ടുവേണം...ല്ലേ? :)

    ReplyDelete
  16. കഥകളിയിൽ ചെണ്ട എപ്പോഴാണു വന്നു കയറിയതെന്നറിയാൻ താൽ‌പ്പര്യമുണ്ട്. നാടൻ കലകളിലും ചെണ്ട പിന്നെട് വന്നുകയറിയതായിരിക്കാൻ സാദ്ധ്യതയുണ്ട്. പുലയരും കുളനാടികളും തെയ്യത്തിനു ചെണ്ട ഉപയോഗിക്കാറില്ലത്രെ.തുടിയും തുടിപ്പറയും പകരം.പടെനിയിൽ എടുത്തുവരവിനും എഴുന്നൾലത്തിനും മാത്രമേ ചെണ്ട ഉപയോഗിക്കാറുള്ളു എന്ന് കടമ്മനിട്ട വാസുദേവൻ പിള്ള. യുദ്ധസംബന്ധിയായി ചെണ്ട ഉപയോഗിച്ചിരുന്നത് (പടഹം, ഭേരി....) ‘വേലകളി’ പോലെ ആയോധനകലകൾക്ക് പിന്നീട് അകമ്പടി സേവിച്ചതായിരിക്കണം. കളരിയുമായി കൂടുതൽ ബന്ധപ്പെട്ടപ്പോൾ ആസുരവേഷങ്ങൾക്ക് ശൌര്യം പകരാനും യുദ്ധത്തിനു കൊഴുപ്പു കൂട്ടാനും ചെണ്ട ഉണ്ടായാൽ നന്നെന്നു തോന്നിക്കാണണം. കൂത്തമ്പലം പോലെ അടച്ചുകെട്ടിയ സ്ഥലങ്ങളിലെ ഒരു നൃത്ത-നാടകവിശേഷങ്ങൾക്കും ചെണ്ട ഉപയോഗിക്കപ്പെടാൻ സാദ്ധ്യത കുറവ്. പാട്ടുകാരനും മദ്ദളക്കാരനും വേഷത്തിനു പുറകേ നടന്ന് മേളം തീർക്കുകയിരുന്നില്ലെ ആദ്യമൊക്കെ? ചെണ്ട അപ്പൊഴും പ്രായൊഗികമായിരുന്നില്ലായിരിക്കാം.

    ചെണ്ടയുടെ വരവോടെ കഥകളിയുടെ ‘ഇടം’ നിശ്ചയിക്കപ്പെട്ടുകാണും. തുറസ്സായ സ്ഥലങ്ങളിൽ. ഭിത്തികൾക്കു പുറത്ത്.

    ReplyDelete
  17. സബാഷ് എതിരന്‍‌ജീ :)
    കഥകളിയില്‍ ചെണ്ട വന്നു കയറിയ ‘ഇട’ അറിയാന്‍ സാധിച്ചില്ലെങ്കിലും, അതിന്റെ ‘ഇട’ത്തെ നിര്‍ണയിച്ചത് ഗംഭീരമായി. നാടന്‍‌കലകളില്‍ കുറേയെണ്ണത്തിനെങ്കിലും ചെണ്ട പിന്നീടു വന്നതാണെന്നു വ്യക്തമാണ്. വേലകളിക്ക് മലയാലപ്പുഴ ക്ഷേത്രത്തില്‍ ഇപ്പോഴും തപ്പ് ആണു വാദ്യം. മയില്‍പ്പീലിത്തൂക്കത്തില്‍ തന്റെ ചെറുപ്പകാലത്താണ് ചെണ്ട പ്രധാനവാദ്യമാകുന്നതെന്നും അതിനുമുന്‍പുവരെ ‘മകുടം’ എന്ന വാദ്യമായിരുന്നു ഉപയോഗിച്ചിരുന്നതെന്നും കുറിച്ചി കുമാരന്‍ ആശാന്‍ എന്നോടു പറഞ്ഞിട്ടുണ്ട്. ഭദ്രകാളിത്തീയാട്ടിനു ‘പറ’യോടൊപ്പം ചെണ്ടകൂടി കടന്നുവന്നിട്ട് ഒരു മുപ്പതു വര്‍ഷത്തിലേറെയായിട്ടില്ല. അതും നേരിട്ടറിയാം. മദ്ദളക്കാരനായ ശങ്കരേട്ടന്‍ നസ്യം പറയാറുള്ളതുപോലെ ‘ഒച്ചക്കാരന്‍ മെച്ചക്കാരന്‍’ എന്നതായിരിക്കണം ഇതിനൊക്കെ പ്രമാണം :) മാത്രമല്ല, മാധവന്‍‌കുട്ടിയേട്ടന്‍ പറഞ്ഞ ‘ഒട്ടും കലക്കമില്ലാതെ വലിച്ച്‌ മൂപ്പിച്ചെടുത്ത ചെണ്ട’യും അതില്‍ വി.ശി. പറഞ്ഞതുപോലെ ‘മണികണ്ഠം മറിച്ചുകൊട്ടുന്ന’ പ്രയോഗവികാസവും 18 വാദ്യങ്ങളെയും മറികടക്കുന്ന ശബ്ദത്തിനൊപ്പം ചേര്‍ന്നപ്പോള്‍ എന്തൊക്കെ സംഭവിച്ചിരിക്കില്ല!

    പടയണിയില്‍ പാട്ടിന്റെ സമൃദ്ധമായ സാന്നിധ്യമുള്ളതുകൊണ്ടാവാം തപ്പിനു സ്വന്തം സ്ഥാനം നിലനിര്‍ത്താനായത്. കഥകളിയില്‍ പാട്ടുണ്ടായിട്ടും...!! അടുത്ത ഭാഗമിടാന്‍ ധൃതിയാകുന്നു! ആ വേലകളി-കളരിവഴി ഉണ്ടാവാന്‍ സാധ്യതയുള്ള പ്രവേശനസാധ്യതയും ആലോചിക്കാവുന്നതാണ്.

    കഥകളിയെ കൊയ്ത്തുകഴിഞ്ഞ പാടത്തേക്കെത്തിച്ച വാദ്യവിപ്ലവത്തിനും വിപ്ലവവാദ്യത്തിനും അഭിവാദനങ്ങള്‍!

    ReplyDelete
  18. മനോജ്, രതീഷിന്റെ ഒരു വിവരവുമില്ല! ഇ-മെയിലിനു കൂടെ നോ മറുപടി!

    അതോ മൂഷികൻ പൂച്ചയെ കണ്ട്‌ പേടിച്ചോ? :):):)

    -സു-

    ReplyDelete
  19. ഹഹ! രതീഷിനെ പേടിപ്പിക്കാന്‍ പൂച്ച പോര. പുലിതന്നെ വേണ്ടിവരും :) പിന്നെ ഒരു ഓ. ടോ.: മൈനാകത്തെയും സുരസയെയും ഛായാഗ്രാഹിയെയും കിങ്കരന്മാരെയും ഓരോ തരത്തിലാണു പരിചരിക്കേണ്ടതെന്നാണല്ലൊ ‘തോരണയുദ്ധം’ എന്ന ഈസോപ്പുകഥയുടെ ഗുണപാഠം!

    ReplyDelete