Saturday, May 23, 2009

കഥകളിമേളം: ചരിത്രം, വികാസം- ചില പ്രതിസന്ധികളും -രണ്ട്

പട്ടിക്കാന്തൊടിയുടെ കാലത്ത് കഥകളിമേളത്തിനു സംഭവിച്ച ശൈലീവത്ക്കരണത്തെകുറിച്ച് കഴിഞ്ഞ ഭാഗത്ത് ചര്‍ച്ച ചെയ്തിരുന്നുവല്ലൊ. തുടര്‍ന്നുള്ള കാലത്ത് കഥകളിമേളത്തിന്റെ കാര്യത്തിലുണ്ടായ ചില പ്രധാനപ്രതിസന്ധികള്‍ ഈ ഭാഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നു കരുതുന്നു.

കഥകളിമേളത്തെക്കുറിച്ചുള്ള തന്റെ നിലപാട് കോട്ടയ്ക്കല്‍ കുട്ടന്‍‌ മാരാര്‍‌ വിശദീകരിക്കുന്നു:

‘ചെണ്ടയും മദ്ദളവും ഒരുവിധം ആട്ടത്തിനൊപ്പിച്ചു കൊട്ടിയാല്‍ കാര്യമായില്ല. നടന്‍ അഭിനയിക്കുന്ന ഘട്ടങ്ങളും ആശയങ്ങളും ഗുരുലഘുത്വാദികളും മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നവനേ ശരിക്കും ഒരു കഥകളിമേളവിദഗ്ദ്ധനായി ഉയരാന്‍ കഴിയുകയുള്ളൂ. അതേ പ്രകാരംതന്നെ സംഗീതത്തിന് കോട്ടം തട്ടാതെയും എന്നാല്‍ നടന്‍ കാണിക്കുന്ന മുദ്രകള്‍ക്ക് ജീവസ്സുകൊടുത്തും പ്രവര്‍ത്തിക്കേണ്ടത് ഒരു മേളക്കാരന്റെ ചുമതലയാണ്.’ (‘കലാപ്രസാദം’ സോവനീര്‍)

മേളം അഭിനേതാവിന്റെ ആവിഷ്ക്കാരത്തോട് സൂക്ഷ്മമായി സഹവര്‍ത്തിക്കണമെന്ന ആദ്യവാചകത്തിലെ ആശയം പൊതുവേ വാദ്യകലാകാരന്മാരും ആസ്വാദകരും പങ്കുവയ്ക്കുന്നതാണ്. എന്നാല്‍ തുടര്‍ന്നുള്ള വരി മേളക്കാര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാനപ്രശ്നത്തെ പ്രതിനിധീകരിക്കുന്നു. നടന്‍ കാണിക്കുന്ന മുദ്രകള്‍ക്ക് ജീവസ്സുകൊടുക്കുന്നതിനൊപ്പം സംഗീതത്തിന് കോട്ടം തട്ടാതെയും പ്രവര്‍ത്തിക്കണം എന്നതാണത്. ചെണ്ട, മദ്ദളം എന്നീ വാദ്യങ്ങളുടെ നാദപരമായ പ്രത്യേകതകളാണ് ഇതിനെ ഒരു പ്രതിസന്ധിയാക്കി മാറ്റുന്നത്. തതം, അവനദ്ധം, ഘനം, സുഷിരം എന്നീ വാദ്യവിഭാഗങ്ങളെ വിവരിക്കുന്നിടത്ത് കുട്ടന്‍ മാരാര്‍ പറയുന്നു:

‘ഇവയെത്തന്നെ മൃദുവെന്നും ഘനമെന്നും രണ്ടായി തിരിക്കാം. വീണ, മൃദംഗം മുതലായവ മൃദുക്കളും ചെണ്ട, മദ്ദളം, ഇലത്താളം മുതലായവ ഘനവാദ്യങ്ങളുമാണ്...താണ്ഡവപ്രധാനമായ നൃത്തമാണ് കഥകളി. അതുകൊണ്ടായിരിക്കണം കഥകളിയില്‍ ഘനവാദ്യങ്ങളായ ചെണ്ട, മദ്ദളം, ഇലത്താളം മുതലായവ യോജിപ്പിച്ചിട്ടുള്ളത്.’

വളരെ ശ്രദ്ധേയമായ നിരീക്ഷണമാണിത്. കഥകളി താണ്ഡവപ്രധാനമായ നൃത്തമാണ് എന്നതിലുപരി ആ കലയുടെ അടിസ്ഥാനപരമായ സങ്കേതങ്ങള്‍ പൊതുവേ അതിയാഥാര്‍ത്ഥ്യപര(super realistic)മാണ്. അഭിനേതാവിന്റെ ശിരസ്സ്, മുഖം, ഉടല്‍, അരക്കെട്ട് എന്നിവ കിരീടം, ചുട്ടി, ചമയം, ഉടുത്തുകെട്ട് എന്നിവയിലൂടെ ഒരു അതിയാഥാര്‍ത്ഥ്യത്തിലേക്കു വളരുന്നുണ്ടല്ലൊ. മുദ്രകളും കലാശങ്ങളുമെല്ലാം ശൈലീവത്ക്കരണത്തിലൂടെ ഈ അവസ്ഥയിലേക്കെത്തുന്നു. ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളുടെ ഉയര്‍ന്ന ശ്രുതിയിലുള്ള നാദം ഈ അതിയാഥാര്‍ത്ഥ്യത്തിന്റെ തലം പങ്കുവയ്ക്കുന്നതാണ്. എന്നാല്‍ ഗീതമോ?

സംഗീതരംഗത്ത് ഇരുപതാം നൂറ്റാണ്ടില്‍ പൊതുവെയും സമീപകാലത്തു പ്രത്യേകമായും സംഭവിച്ച ചെറുതല്ലാത്ത പരിണാമങ്ങള്‍ ഇതിനോടു ചേര്‍ത്തുവയ്ക്കണം. മൈക്രോഫോണിന്റെ ഉപയോഗം ഗായകരുടെ ശബ്ദത്തിന്റെ സൂക്ഷ്മമായ വിനിമയങ്ങളെപ്പോലും അനുഭവവേദ്യമാക്കുന്നതിനാല്‍ ശ്രുതി, സ്വരം, രാഗാവിഷ്കാരം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൈവന്നു. ചേങ്ങലയുടെ ശ്രുതിയിലാണ് പഴയ ഗായകര്‍ പാടിയിരുന്നത് എന്നു പറയാറുണ്ട്. ഇതു സത്യമോ കെട്ടുകഥയോ എന്ന് ഇന്നറിയാന്‍ മാര്‍ഗമില്ല. സത്യമാണെങ്കില്‍ത്തന്നെ മറ്റു വാദ്യങ്ങളുടെ ശ്രുതി അതിനോടിണങ്ങിയിരുന്നതെങ്ങനെ എന്നതും സംശയകരമാണ്. ശബ്ദത്തിന്റെ സൂക്ഷ്മവ്യതിയാനങ്ങള്‍‌പോലും ശ്രദ്ധിച്ച് ഇതരസംഗീതപദ്ധതികളെപ്പോലെ ശ്രുതിപ്രധാനമായിത്തീര്‍ന്ന കഥകളിപ്പാട്ടിന് ഇതരഘടകങ്ങളില്‍നിന്നു വേറിട്ട ഒരു സ്വതന്ത്രാസ്തിത്വം കൈവന്നു. പക്ഷേ അപ്പോഴാണ് ഒരു പ്രധാനപ്രശ്നമുദ്ഭവിച്ചത്. ശ്രുതിപ്രധാനമായതോടെ വാദ്യങ്ങളുടെ ഉയര്‍ന്ന ശ്രുതികളും (വാദ്യങ്ങളുടെ ശ്രുതി തമ്മില്‍ത്തന്നെ ചേരാത്തതിനാല്‍ ബഹുവചനം അനിവാര്യമാകുന്നു) ഗാനത്തിന്റെ ശ്രുതിയും തമ്മിലുള്ള വൈരുദ്ധ്യം പണ്ടത്തെക്കാള്‍ അധികമായിത്തീര്‍ന്നു. മനുഷ്യശബ്ദത്തിന്റെ യാഥാര്‍ത്ഥ്യവും മറ്റു ഘടകങ്ങളിലെ അതിയാഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യം ഇവയുടെ ഇഴപ്പൊരുത്തത്തിനു വേണ്ടിയുള്ള വാദങ്ങള്‍ക്ക് വെല്ലുവിളിയായി. ഈ പ്രശ്നം പരിഹരിക്കുവാന്‍ കേരളസംഗീതകര്‍ത്താവായ വി. മാധവന്‍ നായര്‍ (മാലി) രണ്ടു പരിഹാരങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.

1. കഥകളിയില്‍നിന്ന് ചെണ്ടയെ ബഹിഷ്കരിക്കുക.

2. കുറച്ചുകൂടി കുറഞ്ഞ ശ്രുതിയുള്ള ചെണ്ടയുണ്ടാക്കി ഉപയോഗിക്കുക.

കത്തി, താടി വേഷങ്ങളുടെ തിരനോട്ടവും ശ്ലോകങ്ങളും തിരശ്ശീലയുമെല്ലാം ഒഴിവാക്കി അതിനാടകീയമായ ഭാവാവിഷ്കാരത്തിനും അതിനിണങ്ങുന്ന സംഗീതത്തിനും പ്രാധാന്യം നല്‍കി ശ്രീ. മാധവന്‍ നായര്‍തന്നെയെഴുതിയ കര്‍ണശപഥം ആട്ടക്കഥ അസാമാന്യമായ ജനപ്രീതി നേടിയ ഘട്ടമാണതെന്നും മറന്നുകൂടാ. ലോകധര്‍മിയെ കാംക്ഷിച്ചുനില്‍ക്കുന്ന ഘടകങ്ങള്‍ കഥകളിയെ കീഴ്പ്പെടുത്തുമെന്നു തോന്നിച്ച കാലം. കഥകളിയുടെ സങ്കേതപ്രധാനമായ ഘടകങ്ങള്‍ ഒന്നൊന്നായി അരങ്ങവതരണങ്ങളില്‍ കൊഴിഞ്ഞുപോകുമെന്നു തോന്നിച്ച കാലം. ചില കലാകാരന്മാരുടെ പരിഷ്കരണചിന്തകളിലൂടെ ഈ ലോകധര്‍മിഘടകങ്ങള്‍ കളരികളെപ്പോലും ബാധിക്കുമെന്നു ഭയപ്പെട്ട കാലം. അപ്പോഴും ഭാഗ്യവശാല്‍ കോട്ടയം കഥകളും സുഭദ്രാഹരണവുമെല്ലാം കഥകളിക്കളരികളില്‍ കുറെയെങ്കിലും ഭദ്രമാക്കി നിലനിര്‍ത്തിയ ആചാര്യന്മാര്‍ക്കു നന്ദി പറയുക. കര്‍ണശപഥത്തില്‍പ്പോലും ശ്ലോകവും തിരശ്ശീലയും കത്തിയുടെ തിരനോക്കും മടങ്ങിവന്നതും ഓര്‍മിക്കാം.

‘ആദ്യത്തെ പരിഹാരം വളരെ സൂക്ഷിച്ചു ചെയ്യണം. ചെണ്ടയില്ലെങ്കില്‍ കഥകളി കഥകളിയാവില്ല’ എന്ന് വി. മാധവന്‍ നായര്‍‌തന്നെ മുന്നറിയിപ്പുതരുന്നുണ്ട്. ഇതില്‍ ആദ്യത്തെ വാചകത്തിലുള്ള രീതിയില്‍ ഒരു സൂക്ഷ്മപരിഹാരത്തിന് ഏതായാലും മാലിക്കുതന്നെ മുന്നോട്ടുപോകാനാവാത്തത് രണ്ടാം വാചകത്തിന്റെ രീതിയില്‍ അദ്ദേഹത്തില്‍ത്തന്നെ ബാക്കിയായ വിവേകത്തിന്റെ സൂചനയായിക്കരുതാം. അതുകൊണ്ടുതന്നെ അതൊരു പരിഹാരമേ അല്ലാതായിത്തീരുന്നു. രണ്ടാമത്തേത് പ്രായോഗികമാണെന്നാണ് അദ്ദേഹം കരുതുന്നത്. കഴിഞ്ഞ പോസ്റ്റിന്റെ കമന്റില്‍ ഡോ. ടി. എസ്. മാധവന്‍‌കുട്ടി ‘നല്ലവണ്ണം വലിച്ചുമൂപ്പിച്ച ചെണ്ട’യില്‍ കേള്‍ക്കുന്ന നാദത്തെക്കുറിച്ച് ഹരംകൊണ്ട് സംസാരിച്ചത് ഓര്‍മിയ്ക്കുമല്ലൊ. കഥകളിസംഗീതത്തിന്റെ രക്ഷയ്ക്കായി തല്‍ക്കാലം അതു മാറ്റിവയ്ക്കാമെന്നുമിരിക്കട്ടെ. അപ്പോഴും കഥകളിസംഗീതത്തെ അതിന്റെതന്നെ ഉള്ളിലുള്ള ശത്രുവില്‍‌നിന്നു രക്ഷപ്പെടുത്താനുള്ള തിരക്കില്‍ കര്‍ണശപഥകര്‍ത്താവ് മറന്നുപോകുന്ന ഒരു പ്രധാനകാര്യം കഥകളിയിലെ വാദ്യങ്ങളുടെ ധര്‍മമാണ്. കുമ്മിണി വാസുദേവന്‍ നമ്പൂതിരി ഓര്‍മിപ്പിക്കുന്നു:

‘ചെണ്ടമദ്ദളങ്ങള്‍ പാട്ടിനല്ല വായിക്കേണ്ടത്; ആട്ടത്തിനാണ്.’ (കുമ്മിണിയുടെ തെരഞ്ഞടുത്ത കൃതികള്‍)

പാട്ടിനു വായിച്ചാലുമില്ലെങ്കിലും ആട്ടത്തിനു കൊട്ടണമെന്നത് ഏതായലും നിര്‍ബന്ധമാണ്. പദത്തിനു ശേഷമുള്ള ആട്ടത്തിനു ഗീതത്തെ ഉപദ്രവിക്കുന്ന പ്രശ്നവും വരുന്നില്ല. എന്നാല്‍ ആട്ടമെന്നത് പദത്തിനിടയിലും സംഭവിക്കുന്നുണ്ട്. അപ്പോള്‍ വാദകര്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങനെയെന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല കഥകളിസംഗീതംതന്നെ സവിശേഷമായ ഒരുതരം കാല്പനികമായ ഭാവാവിഷ്കാരത്തിലേക്കു പരിണമിച്ച ഘട്ടത്തില്‍ കഥകളിപ്പദങ്ങള്‍ക്ക് ഒരു സ്വതന്ത്രാസ്തിത്വം‌തന്നെ കൈവന്നു. കഥകളിപ്പദക്കച്ചേരികള്‍ പ്രചാരത്തില്‍ വന്നതും അതിനു വയലിന്‍, മൃദംഗം തുടങ്ങിയ വാദ്യങ്ങള്‍ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയതും ഇവിടെയോര്‍മിക്കാം. കഥകളിപ്പദക്കച്ചേരിയും കഥകളിയും രണ്ടാണെന്ന ബോധ്യം ഗായകര്‍ക്കും ആസ്വാദകര്‍ക്കും ഉള്ളിടത്തോളം കാലം, അതു കഥകളിയെ നേരിട്ടുബാധിക്കാത്തതുകൊണ്ട് തല്‍ക്കാലം മാറ്റിവയ്ക്കുകയും ചെയ്യാം.

അപ്പോഴും, കഥാപാത്രങ്ങളുടെ മൂര്‍ത്തമായ സാന്നിധ്യത്തിലും, കഥകളിസംഗീതം അഭിനയത്തിനൊപ്പമോ അഭിനയത്തെക്കവിഞ്ഞോ പ്രധാനമാകുന്ന നിരവധി രംഗങ്ങള്‍ സമകാലികമായ കഥകളിയവതരണങ്ങളിലുണ്ട്. നടന്മാര്‍ക്കു ശരീരംകൊണ്ടു ചെയ്യേണ്ട വൃത്തികള്‍ കുറയുകയും അപ്പോഴും മുദ്രകളിലൂടെയുള്ള ആഖ്യാനം തുടരുകയും ചെയ്യേണ്ടിവരുമ്പോള്‍, പദാവതരണസമയത്തുള്ള മേളത്തിന്റെ ആവിഷ്ക്കാരം എങ്ങനെ വേണമെന്ന പ്രതിസന്ധി സജീവമായി നിലനില്‍ക്കുന്നുണ്ട്. ഈ ഘട്ടങ്ങളില്‍ കഥകളിക്ക് പൊതുവായ ഒരു പദ്ധതിയെന്നതിനപ്പുറം ഓരോ മേളക്കാരന്റെയും സ്വന്തം കലാസങ്കല്പങ്ങള്‍ക്കനുസരിക്കനുസരിച്ച് കളിക്കൊട്ട് വ്യത്യസ്തമാകുന്നു. ചിലര്‍ പദാവതരണസമയത്ത് പരമാവധി വാദ്യനിശ്ശബ്ദത പാലിക്കുകയും അതിനു മുന്‍പും പിന്‍പുമുള്ള ആട്ടങ്ങള്‍ക്ക് സജീവമായി കൂടുകയും ചെയ്യുന്നു. ചമ്പടയിലെ സാധാരണകലാശങ്ങള്‍ക്കൊപ്പമുള്ള ഇരട്ടിയില്‍ പദം പാടുമ്പോള്‍ത്തന്നെ നിര്‍വഹിക്കുന്ന നടന്റെ കരണങ്ങള്‍ക്കുപോലും മേളം പലപ്പോഴും നിശ്ശബ്ദമാകുന്നു. ചിലര്‍ പദാവതരണസമയത്തെ മുദ്രകള്‍ക്കു പൊതുവായി ഒതുക്കിക്കൊട്ടുകയും ഇരട്ടിപോലുള്ള സമയങ്ങളില്‍ പദാവതരണസമയത്തുതന്നെ ശബ്ദമുയര്‍ത്തിക്കൊട്ടുകയും ചെയ്യുന്നു. ഇത്തരം രീതികളില്‍ ഏതാണു ശരിയെന്ന പ്രശ്നം കലാകാരന്മാരുടെയും ആസ്വാദകരുടെയും വൈയക്തികമായ കലാബോധത്തിനനുസരിച്ചു വ്യത്യസ്തമാവുകയും ചെയ്യുന്നു. പക്ഷേ ഇക്കാര്യങ്ങളില്‍ കലയെന്ന നിലയില്‍ കഥകളി അതിന്റെ സൌന്ദര്യശാസ്ത്രത്തിലധിഷ്ഠിതമായി മുന്നോട്ടുവയ്ക്കുന്ന പ്രായോഗികമായ പദ്ധതിയെന്തെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഈ ഘട്ടത്തില്‍ കോട്ടയം കഥകളുള്‍പ്പെടെയുള്ള സങ്കേതപ്രധാനമായ കഥകളുടെ രീതിശാസ്ത്രമെന്തെന്നും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.
(തുടരും)